തിരുവനന്തപുരം: അധ്യാപകന്റെ കൈ വെട്ടിയ സംഭവം മുസ്ലീം സമുദായത്തിന് അപമാനമുണ്ടാക്കിയതായി തീവ്രവാദത്തിനെതിരെ വിളിച്ചുചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗം വിലയിരുത്തി. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള പ്രചാരണമായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. പോപ്പുലര്‍ഫ്രണ്ടിന്റെ ഈ നടപടിക്ക് വിശ്വാസപരമായി യാതൊരു സാധുതയുമില്ല. അത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും മാറ്റി നിര്‍ത്തുകയും വേണം. ഇതിനായി വേണ്ടി വന്നാല്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നം യോഗത്തിന് ശേഷം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം സമുദായത്തിനുമേല്‍ ആര്‍ക്കും കുതിര കയറാനുള്ള സാഹചര്യം പോപ്പുലര്‍ഫ്രണ്ട് ഉണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.