മന്ത്രിസ്‌ഥാനത്തിനു പുറമെ കേരളാ കോണ്‍ഗ്രസ് തോമസ് പക്ഷത്തിനു ലഭിക്കുന്ന മറ്റു സ്‌ഥാനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയില്‍ ലേലംവിളി തുടങ്ങി. പി.എസ്.സി അംഗത്വം കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം എന്നിവയ്‌ക്കാണ് ലേലംവിളി. നേരത്തെ ജോസഫ് ഗ്രൂപ്പ് നേതാവ് ആന്റണി രാജു കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും ഡോ. കെ.സി. ജോസഫ് പി.എസ്.സി അംഗവുമായിരുന്നു. പി.ജെ. ജോസഫ് മുന്നണി വിട്ടപ്പോള്‍ രാജിവച്ച ഇവര്‍ക്ക് പകരക്കാരാകാന്‍ തോമസ് പക്ഷത്ത് നേതാക്കളുടെ എണ്ണം പെരുകിയതോടെയാണ് അക്ഷരാര്‍ത്ഥത്തില്‍ ലേലംവിളിയായി മാറിയത്.
പാര്‍ട്ടി നേതൃത്വത്തിനു ലക്ഷങ്ങളുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഈ രണ്ട് സ്‌ഥാനങ്ങളും മാറുന്നു എന്നാണ് സൂചന. എന്നാല്‍ പരസ്യമായി പ്രസ്‌താവിക്കാത്ത ഇടപാടായതിനാല്‍ ഏതെങ്കിലും രണ്ട് നേതാക്കളെ പാര്‍ട്ടി നിയോഗിക്കുന്നു എന്നു മാത്രമേ പുറത്തുവരികയുള്ളൂ. പി.എസ്.സി അംഗത്വത്തിന് തോമസ് പക്ഷത്തെ സംസ്‌ഥാന നേതാവായ ഒരു മുസ്‌ലീം സമുദായ അംഗവും കോര്‍പ്പറേഷന്‍ ചെയര്‍മാനാകാന്‍ മധ്യകേരളത്തില്‍ നിന്നുള ഒരു നേതാവുമാണ് പ്രധാനമായും ശ്രമിക്കുന്നത്.
ഇവരോട് പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസിനും സെക്രട്ടറി ജനറലും സൂത്രധാരനുമായ സ്‌കറിയാ തോമസിനും എതിര്‍പ്പില്ല. എന്നാല്‍ ഇതിനെച്ചൊല്ലി ചില കളികള്‍ അരങ്ങേറുന്നുണ്ട്. സ്‌ഥാനങ്ങള്‍ ഇവര്‍ക്കു കിട്ടാന്‍ ഇടയില്ലെന്നുവരുത്താന്‍ മറ്റ് ചില നേതാക്കളെക്കൊണ്ട് അവകാശവാദം ഉന്നയിപ്പിക്കുകയും മറ്റുമാണത്. ഇവര്‍ ഓഫര്‍ ചെയ്യുന്ന തുകയുടെ വലിപ്പം കൂട്ടാനുള്ള തന്ത്രമായി വേണം ഈ നീക്കത്തെ കണക്കാക്കാന്‍. വ്യവസായവകുപ്പിനു കീഴിലുള്ള കരകൗശല വികസന കോര്‍പ്പറേഷന്‍ വീണ്ടും കേരളാ കോണ്‍ഗ്രസിനു നല്‍കുന്ന കാര്യത്തില്‍ സി.പി.എം അന്തിമ തീരുമാനം എടുക്കാനിരിക്കുമ്പോഴാണ് അതിന്റെ പേരിലുള്ള രാഷ്‌ട്രീയ കച്ചവട നീക്കം മുറുകുന്നത്. എന്തുവന്നാലും ഈ രണ്ട് സ്‌ഥാനങ്ങളും തോമസ് പക്ഷത്തിനു തന്നെ നല്‍കുമെന്ന് സി.പി.എം ഔദ്യോഗികപക്ഷത്തെ പ്രമുഖന്‍ നല്‍കിയ ഉറപ്പാണ് തോമസിന്റെയും സ്‌കറിയാ തോമസിന്റെയും ബലം. ഇവര്‍ രണ്ടുപേരും നേരിട്ടല്ല ലേലം വിളിക്ക് നേതൃത്വം നല്‍കുന്നത്. കരകൗശല കോര്‍പ്പറേഷന്റെ കീഴിലുള്ള കൈരളി ഹാന്റി ക്രാഫ്‌റ്റ് ഷോറൂമുകളാണ് ചെയര്‍മാന്‍ സ്‌ഥാനം ആഗ്രഹിക്കുന്നവരെ പ്രധാനമായും പ്രലോഭിപ്പിക്കുന്നത്. കൈരളിയുടെ പേരില്‍ കേരളത്തിലും പുറത്തും നടന്ന വന്‍ സാമ്പത്തിക ഇടപാടുകള്‍ നേരത്തെ ആരോപണ വിധേയമായിട്ടുണ്ട്. സംസ്‌ഥാനത്തെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ പി.എസ്.സിയില്‍ കയറിപ്പറ്റി സ്‌ഥാനം ഉറപ്പിക്കാന്‍ നേതാക്കള്‍ തിരക്കുകൂട്ടുന്നതിലാകട്ടെ വന്‍ ദുരൂഹതയുമുണ്ട്. നിയമനങ്ങളുടെ പേരില്‍ അവിഹിത - സാമ്പത്തിക - ആരോപണങ്ങള്‍ കേള്‍ക്കാത്ത സ്‌ഥാപനമാണ് പി.എസ്.സി. വന്‍ തുക നേതാക്കള്‍ക്ക് കൊടുത്ത് പി.എസ്.സി അംഗമാകാന്‍ ചിലര്‍ ക്യൂ നില്‍ക്കുന്നത് പിന്‍വാതില്‍ നിയമന സാധ്യതകള്‍ മുന്നില്‍ കണ്ടാണ്.