പണ്ടെങ്ങും കേട്ടിട്ടില്ലാത്ത ഒരു `ക്രൂരത'കൂടി സമൂഹ ചര്‍ച്ചയുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ വിമര്‍ശനാതീതമായി നിലനിന്നിരുന്ന രണ്ടു പ്രസ്ഥാനങ്ങളായിരുന്നു മതങ്ങളും മാധ്യമങ്ങളും. ഇതിനു കാരണം മത പുരോഹിതരും മാധ്യമങ്ങളും സമചിത്തതയോടെ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു പോന്നു എതാണ്. എന്നാല്‍ ജനാധിപത്യ വ്യവഹാരത്തില്‍ സാധാരണ ഉണ്ടാകുന്നതുപോലെ ഇവരും ഇന്ന് സമൂഹവിചാരണക്ക് വിധേയരായിതീര്‍ന്നു; എന്തിന് ജഡ്‌ജിമാര്‍വരെ സമൂഹ വിചാരണയുടെ ഇരകളായിതീര്‍ന്നു.
ഞാന്‍ എട്ടോളം പത്രങ്ങള്‍ ഓടിച്ചു വായിക്കാറുണ്ട്. ഒരുപത്രത്തില്‍ `വെണ്ടയ്‌ക്കാ'യില്‍ വരുന്ന വാര്‍ത്ത വേറൊരു പത്രത്തില്‍ `കുന്നിക്കുരു'വായിതീരുന്നതുകാണാം. വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇലെവരെ ഉണ്ടായിരുന്ന നിഷ്‌പക്ഷത നഷ്‌ടപ്പെടുതായിതോന്നാം. രാഷ്‌ട്രീയ ചേരിപിടിച്ചും മതചേരിപിടിച്ചും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അനുവാചകരില്‍ സ്വാധീനത്തിന്റെ വലയം അവര്‍ സൃഷ്‌ടിക്കുന്നു. അത് കുറ്റം പറയാനാകില്ല.
ഈ അടുത്തയിടെ സെബാസ്റ്റ്യന്‍ പോള്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. പത്രമുതലാളിമാരുടെ കച്ചവട താല്‌പര്യമാണ് മാധ്യമങ്ങളുടെ നയരൂപീകരണം നടത്തുന്നതെന്ന്. അത് ഒരുവിധത്തില്‍ ശരിയാണ്. കാരണം ഇന്ന് മാധ്യമങ്ങള്‍ ഒരു വ്യവസായമാണ്. ഒരു വ്യവസായമെന്നനിലയിലാണ് പത്ര വാരികകള്‍ വില്‍ക്കപ്പെടുന്നത്. അവര്‍ അവതരിപ്പിക്കുന്ന ആശയങ്ങളുടെയും വാര്‍ത്തകളുടെയും പിമ്പില്‍ സാമ്പത്തിക പ്രേരണ ഉണ്ടാകുക സാധാരണമാണ്. വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളോട് മാധ്യമങ്ങള്‍ക്ക് കൂറുണ്ടാകുമെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. ഇന്ന് കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് ഗവമെന്റാണ്. ഗവമെന്റിനെ അനുകൂലിക്കുന്ന പത്രങ്ങള്‍ ഗവമെന്റിനെതിരെയുളള വാര്‍ത്തകള്‍ കഴിവതും തമസ്‌കരിക്കുന്നു. ഗവമെന്റിനെ എതിര്‍ക്കുവര്‍ വാര്‍ത്തകള്‍ പലപ്പോഴും സൃഷ്‌ടിക്കാറുണ്ട്. ഏതു വടിയെടുത്തും പ്രഹരിക്കുന്നതിന് ചില പത്രങ്ങള്‍ താല്‌പര്യം കാണിക്കുന്നു.
ഒരു ഉദാഹരണം പറയട്ടെ. കേരളത്തില്‍ ഡങ്കിപ്പനി എല്ലാക്കൊല്ലവും ഉണ്ടാകാറുണ്ട്. ഡങ്കിപ്പനി ഇവിടെ കൊണ്ടുവന്നത് ഈ ഗവണ്‍മെന്റല്ല. പക്ഷേ ചില പത്രങ്ങളിലെ വാര്‍ത്ത വായിച്ചാല്‍ ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് ഗവമെന്റിനാണെന്നുതോന്നും. അധികാരത്തിലിരിക്കുന്ന ഗവമെന്റിനെ വിമര്‍ശിക്കുക എന്നത് വാര്‍ത്താ പ്രാധാന്യം നേടാന്‍ കാരണമായി. പോള്‍ മുത്തൂറ്റ് വധം പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അതിവിപുലമായി ആഘോഷിച്ചു. പോലീസിന്റെ നീക്കങ്ങളും നീക്കമില്ലായ്‌മയും സൂക്ഷ്‌മമായി പരിശോധിച്ച് തങ്ങള്‍ക്കിഷ്‌ടമുള്ളപോലെ വാര്‍ത്തകൊടുക്കാന്‍ പത്രങ്ങള്‍ വെമ്പുകയായിരുന്നു. ഭരണപക്ഷ മാധ്യമങ്ങള്‍ ഗവമെന്റിനെ പിന്തുണച്ചപ്പോള്‍ ഗവമെന്റ് വിരുദ്ധമാധ്യമങ്ങള്‍ പോള്‍ മുത്തൂറ്റ് സംഭവത്തെ രാഷ്‌ട്രീയ പ്രശ്‌നമാക്കി മാറ്റി. പോലീസിന്റെ കഴിവില്ലായ്‌മയായി പ്രചരിപ്പിച്ചു. കാരണവര്‍ കൊലകേസില്‍ ഒന്നരക്കൊല്ലത്തിനകം പ്രതിയെ പിടിച്ച് വിസ്‌തരിച്ച് ശിക്ഷിച്ചപ്പോള്‍ ഈ വിഭാഗം പത്രങ്ങളൊന്നും പോലീസിനെ അനുമോദിച്ചില്ല. ഇപ്പോള്‍ കൈവെട്ടുകേസ് ആഘോഷിക്കുകയാണ്. പല പ്രതികളും അറസ്റ്റിലായപ്പോഴും പോലീസിന്റെ കഴിവുകേടുകളെക്കുറിച്ചും പോലീസ് സേനയുടെ ദൗര്‍ബല്യത്തെക്കുറിച്ചും പല പത്രങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു. ഇത് ക്രമസമാധാന തകര്‍ച്ചയാണൊണ് പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും ആരോപിക്കുന്നത്. എവിടെയെങ്കിലും അക്രമം നടന്നാല്‍ അത് പോലീസിന്റെ വീഴ്‌ചയാണ്. പോലീസിന് ഓരോ പൗരനെയും സംരക്ഷിക്കാന്‍ സാധ്യമല്ല. അക്രമം എന്നത് പൊട്ടിപുറപ്പെട്ടാല്‍ അതിനെ തടയാന്‍ മാത്രമേ പോലീസിന് കഴിയുകയുള്ളൂ. സാധാരണയായി ഉണ്ടാകുന്ന ഒരു ചെറിയ സംഭവത്തെ മതവികാരത്തിന്റെയോ രാഷ്‌ട്രീയ വികാരത്തിന്റെയോ വെടിമരുന്നിട്ട് കത്തിക്കുമ്പോള്‍ പോലീസിന് തടയാനല്ലാതെ എന്തു ചെയ്യാനാകും.
ഈ അടുത്തയിടെ കേരള ചീഫ് സെക്രട്ടറി ആയിരു ശ്രീ. സി.പി.നായര്‍ നബിദിനത്തില്‍ ആലപ്പുഴയിലുണ്ടായ ഒരു ചെറിയ സംഭവത്തെ തല്‍പരകക്ഷികള്‍ ഊതിവീര്‍പ്പിച്ച് തിരുവനന്തപുരത്തെ ചാലകമ്പോളം കത്തിയെരിയുന്നതുവരെ എത്തിച്ച സംഭവം വിവരിച്ചതോര്‍ക്കുന്നു. പോലീസ് അക്രമികളെ അമര്‍ച്ചചെയ്യാന്‍ ബലംപ്രയോഗിച്ചാല്‍ മാധ്യമങ്ങള്‍ പോലീസിനെതിരെ തിരിയും. പലപ്പോഴും പോലീസ് വകുപ്പിന്റെ് ഉത്തരവാദിത്വത്തോടെയള്ള നീക്കങ്ങളെ ഇത്തരം ആരോപണം ദുര്‍ബലമാക്കും. അക്രമം അടിച്ചമര്‍ത്താന്‍ പോലീസിന് വെടിവയ്‌ക്കേണ്ടിവരും. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരാണെന്നു തോന്നുന്നു ഒരിക്കല്‍ പറഞ്ഞു. പോലീസിന് ലാത്തിയും തോക്കും കൊടുത്തിരിക്കുന്നത് പ്രയോഗിക്കാനാണ്. അത് അലങ്കാരവസ്‌തുവല്ല. അക്രമം പ്രവര്‍ത്തിക്കാന്‍ സംഘടിതമായി തുനിഞ്ഞിറങ്ങുവരെ നിലയ്‌ക്കുനിര്‍ത്താന്‍ ശക്തിപ്രയോഗിക്കേണ്ടിവരും. 1952-കളില്‍ കോട്ടയത്ത് രണ്ട് പ്രധാന പത്രങ്ങളുണ്ടായിരുന്നു. മനോരമയും ദേശബന്ധുവും. മനോരമയുടെ എഡിറ്റര്‍ പ്രഗത്ഭനായ കെ.സി മാമ്മന്‍ മാപ്പിള. ദേശബന്ധുവിന്റെ ഉടമസ്ഥന്‍ കെ.എന്‍. ശങ്കുണ്ണിപ്പിള്ള. ആദ്യത്തേത് ക്രിസ്‌ത്യന്‍ പത്രവും രണ്ടാമത്തേത് നായര്‍ പത്രവും. ഇവര്‍ മല്‍സരിച്ച് ഓരോ സമുദായത്തിനെതിരെയും വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരുന്നു. കെ.സി.മാമ്മനും ശങ്കുണ്ണിപ്പിള്ളയും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. അന്നൊരു കഥ കേട്ടിട്ടുണ്ട്. രാത്രിയായാല്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ചുകൂടും. നാളെ നായര്‍ക്കെതിരെ എന്തെല്ലാം എഴുതണമെന്ന് ശങ്കുണ്ണിപ്പിള്ള കെ.സി.മാമ്മനെ ഉപദേശിക്കും. ക്രിസ്‌ത്യാനിക്കെതിരെ എന്താണ് എഴുതേണ്ടതെന്ന് മാമ്മന്‍ മാപ്പിള ശങ്കുണ്ണിപ്പിള്ളയേയും ഉപദേശിക്കും. അങ്ങനെ സമുദായ വൈര്യം സൃഷ്‌ടിച്ച് ഇരുകൂട്ടരും പത്രം വിറ്റുപോന്നു. (കഥ ശരിയായിരിക്കണമെന്നില്ല.) പത്രം ഓരോ വിഭാഗക്കാരെയും പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് ഇന്ന് മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത.് അവര്‍ക്ക് വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പക്കണമല്ലോ. അല്ലെങ്കില്‍ റെയ്‌റ്റിംഗില്‍ മറ്റു ചാലനുകളെ പിന്‍തള്ളണമല്ലോ. ഈ മല്‍സരത്തിനിടയില്‍ മാധ്യമങ്ങള്‍ക്ക് ഒരിക്കലും നിഷ്‌പക്ഷരാകാന്‍ കഴിയില്ല. ആകാന്‍ പാടുമില്ല. സത്യം ജനങ്ങളൊടു പറയാന്‍ മാധ്യമങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. പക്ഷേ ഇന്ന് പലപ്പോഴും വസ്‌തുതകളെ വസ്‌തുതകളായി നല്‍കാതെ റിപ്പോര്‍ട്ടറുടെ അഭിപ്രായങ്ങളുംകൂടി കുത്തിനിറച്ചാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് പലപ്പോഴും മാധ്യമ പ്രവര്‍ത്തനത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. പലപ്പോഴും അത് മാധ്യമ ക്രൂരതയായി മാറാറുമുണ്ട്.
പാശ്ചാത്യ സ്വാധീനം നമ്മുടെ എല്ലാ ജീവിത മേഖലകളിലും കടുകയറി വികലീകരിക്കുന്നതുപോലെ പാശ്ചാത്യ പത്രപ്രവര്‍ത്തനശൈലി നമ്മുടെ മാധ്യമങ്ങളിലേക്കും കടന്നുകയറിയിരിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആരോപണാത്മക പത്രപ്രവര്‍ത്തനവും രണ്ടും രണ്ടാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ സത്യം കണ്ടുപിടിക്കാനാണ് പത്ര പ്രവര്‍ത്തകന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ആരോപണാത്മക മാധ്യമ പ്രവര്‍ത്തനത്തില്‍ എപ്പോഴും സത്യം ഉണ്ടാകണമെന്നില്ല. ഭാഗിക സത്യം മാത്രമായിരിക്കും അവര്‍ അവതരിപ്പിക്കപ്പെടുക. മാധ്യമങ്ങളെ തിരുത്താന്‍ മാധ്യമങ്ങള്‍ക്കു മാത്രമേ കഴിയൂ. കാരണം എല്ലാ ദിവസവും വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നത് മാധ്യമങ്ങളുടെ ഒരു വലിയ കഷ്‌ടപ്പാടാണ്. ശരിയായ വാര്‍ത്തകള്‍ കിട്ടിയില്ലെങ്കില്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കാനും പലപ്പോഴും അവര്‍ നിര്‍ബന്ധിതരാകുന്നു.
ഉപഭോക്‌തൃ സംസ്‌കാരത്തെക്കുറിച്ച് നാം പലപ്പോഴും വിലപിക്കാറുണ്ട്. മാധ്യമങ്ങള്‍ ഈ ഉപഭോക്തൃ സംസ്‌കാരത്തിന്റെയും ഇരകളാണ്.
ജോസഫ് പുലിക്കുന്നേല്‍