ഓരോരുത്തര്‍ക്കും ഓരോ ജന്മോദ്ദേശ്യമുണ്ടെന്നാണ് പറയാറ്. ദൈവങ്ങളുടെ കാര്യത്തില്‍ ഇത് `അവതരിക്കല്‍' ആണ്. സാധാരണ മനുഷ്യര്‍ക്ക് `തലവര'യെന്നു വേണമെങ്കില്‍ പറയാം. ഏതൊക്കെ വഴികളിലൂടെ കറങ്ങിത്തിരിഞ്ഞുപോയാലും ഒടുവില്‍ ദൈവം വിധിച്ചിരിക്കുന്ന ഇടങ്ങളില്‍ നമ്മള്‍ എത്തപ്പെടും. അതോടെ രാജയോഗമാകും. ശുക്രന്‍ തെളിയും. ഖ്യാതിയും സമൃദ്ധിയും പ്രതാപവും ഹിമാലയത്തോളമുയരും. പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ കൂതറകളുടെ കാര്യം. മഹാന്മാരുടെ കാര്യമാണേ...
ഉദാഹരണത്തിന് മഹാമഹാശ്രീ തോമസ് ഐസക് ഡോക്‌ടറുടെ കാര്യമെടുക്കാം. കേവലമൊരു ധനമന്ത്രിക്കസേരയില്‍ മരുവുന്ന കാലത്ത് സാമ്പത്തികവിദഗ്‌ധന്‍, ബുദ്ധിജീവി, മാരാരിക്കുളത്തിന്റെ മാണിക്യം, സാമ്രാജത്വ വിരോധി, റിച്ചാര്‍ഡ് ഫ്രാങ്കിയുടെ കൂട്ടുകാരന്‍ എന്നൊക്കെ എന്തെല്ലാം ഇരട്ടപ്പേരുകളായിരുന്നു ആയുള്ളവനെ ആക്ഷേപിക്കാന്‍ ഈ ലോകം വിളിച്ചുപോയത്. പക്ഷേ കാലം മാറി. ജോസഫ് സാര്‍ പാട്ടിനുപോയ വകയില്‍ ഒഴിഞ്ഞുകിടന്ന പൊതുമരാമത്ത് വകുപ്പിന്റെ സിംഹാസനത്തില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഒന്നിരത്തി നോക്കിയപ്പോഴല്ലേ തോമസ് ഐസക് സഖാവിന്റെ തനിസ്വരൂപം നമ്മള്‍ കണ്ടത്ത്. ഞെട്ടിപ്പോയില്ലേ സകലരും. ഇതു താനെടാ മന്ത്രിയെന്നാണ് സകലരും ഇപ്പോള്‍ ഊണിലും ഉറക്കത്തിലും മൊഴിയുന്നത്.
ഖജനാവു വകുപ്പില്‍ അഴിമതിരഹിത ചെക്ക്‌പോസ്‌റ്റ്, പെന്‍ഷന്‍ തീയതി ഏകീകരണം തുടങ്ങിയ ഐതിഹാസികവും അതിലേറെ മാരകവും ഭീകരവുമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട ഐസക് മന്ത്രി, പൊതുമരാമത്തില്‍ തന്റെ സ്വപ്‌നപദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണിപ്പോള്‍. അതാണ് കുഴിയടയ്‌ക്കല്‍ മഹായത്‌നം.
മഴക്കാലത്താണ് പുതിയ പദവിയിലേക്കുള്ള അരിയിട്ടുവാഴ്‌ചയുണ്ടായത്. നിയുക്‌തസചിവോത്തമന്‍ ആദ്യം ചെയ്‌തത് ജോസഫ് മന്ത്രി ഉത്തരവിട്ട സകലമരാമത്തുപണികളും നിര്‍ത്താലാക്കാനുള്ള ഉത്തരവില്‍ കയറിപ്പിടിക്കുകയായിരുന്നു. അല്ലെങ്കില്‍ എന്തിനാണ് പുതിയ പാതകള്‍. ഉള്ള പാതകളുടെ അഗാധഗര്‍ത്തങ്ങളെ പൂരിപ്പിക്കുകയല്ലേ വേണ്ടത്. മന്ത്രി കല്‌പന കൊടുത്തു. പൊതുജനസേവകരും സര്‍വ്വോപരി അഴിമതിയില്‍ ലേശംപോലും താത്‌പര്യമില്ലാത്തവരുമായ പി.ഡബ്ല്യു.ഡി ഉദ്യോഗസ്‌ഥന്മാര്‍ നാടുനീളെ നടന്ന് കഴിയെണ്ണി. തിരയെണ്ണി നല്ല പരിചയമുള്ളവരാകയാല്‍, കുഴിയെണ്ണമെടുപ്പ് എളുപ്പവും കൃത്യവുമായിരുന്നു. കേരളദേശമാകെയുള്ള ആകെ കുഴികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നാല്‌പതിനായിരത്തി എണ്ണൂറ്റി പതിനേഴ് അല്ലെങ്കില്‍ കാക്കത്തൊള്ളായിരമെണ്ണം. മന്ത്രിയുടെ മുന്നിലെ ലാപ്‌ടോപ്പില്‍ കുഴിയെണ്ണം നിറഞ്ഞു. മാധ്യമസിന്‍ഡിക്കേറ്റ് വിളിച്ചുകൂട്ടി മന്ത്രി മേല്‍പ്പറഞ്ഞ ഗര്‍ത്തസംഖ്യ പ്രഖ്യാപിച്ചു. എന്നുമാത്രവുമല്ല, അത് നികത്തുന്നതിനുള്ള കര്‍മ്മപദ്ധതിയും ആവിഷ്‌കരിച്ചു. ദിനേദിനേ നികത്തപ്പെടുന്ന കുഴികളുടെ എണ്ണം പൊതുജനത്തെ ബോധിപ്പിച്ചു. എന്തൊക്കെയായാലും മന്ത്രിയുടെ സത്യസന്‌ധതതയേയും ആത്‌മാര്‍ത്ഥതയേയും എത്ര പാടിപ്പുകഴ്‌ത്തിയാലും അധികമാകില്ല. ഇനി ആര്‍ക്കെങ്കിലും കുഴികളുടെ എണ്ണത്തില്‍ സംശയമുണ്ടെങ്കില്‍ പാറശ്ശാല മുതല്‍ കാസര്‍കോടിലെ ഹൊസങ്കടിവരെ നടന്ന് എണ്ണിനോക്കാം. എളുപ്പമല്ലേ കാര്യം.
ഒന്നും തന്റെ മിടുക്കല്ലെന്ന് പ്രഖ്യാപിക്കുന്ന വിനയമാണ് തോമസ് സാറിന്റെ വലിയ സമ്പാദ്യം. അദ്ദേഹത്തെ കണ്ടാല്‍ ജനകീയ ജനാധിപത്യവും അധികാരവികേന്ദ്രീകരണവുമാണ് കുറ്റിത്താടി വളര്‍ത്തി നീളമുള്ള ജുൂബയിട്ടു നില്‍ക്കുന്നതെന്ന് ആരും പറയില്ല. ജനങ്ങളെ മറന്ന് അദ്ദേഹം ഒന്നും ചെയ്യില്ല. കുഴികളുടെ കാനേഷുമാരിയില്‍ ജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന അദ്ദേഹം നല്‍കി. നിരത്തിലെ കുഴി കണ്ടെത്തി അറിയിക്കാന്‍ അദ്ദേഹം പൊതുജനത്തിനും അവസരം നല്‍കി. ടോള്‍ ഫ്രീ നമ്പരും ഏര്‍പ്പെടുത്തി. മത്‌സരബുദ്ധിയോടെ ജനങ്ങള്‍ ഇതില്‍ പങ്കാളികളാവുകയും ചെയ്‌തു.
എന്നാല്‍ ഇതൊന്നും രുചിക്കാത്ത ചിലരുണ്ട്. ചങ്കെടുത്തുകാണിച്ചാലും ചെങ്കൊടിയെന്നു പറയുന്ന ചില പാരമ്പര്യ ആസ്‌ഥാനവിദ്വാന്മാര്‍. അവര് ചോദിക്കുന്നത് നിരത്തിലെ കുഴിയടയ്‌ക്കല്‍മഹാമഹത്തില്‍ എന്തു വിപ്ലവമാണെന്നാണ്. ആഗോളീകരണം, അധിനിവേശം, വലതുപക്ഷ ബൂര്‍ഷ്വാസി, മാധ്യമപിന്തിരിപ്പ്, അഴിച്ചുപണി, ആനപ്പൂട തുടങ്ങിയ ഗഡഗഡികന്‍ വിഷയങ്ങളില്‍ ലവലേശം വിവരമില്ലാത്ത പരിപ്പുവട കച്ചന്‍ചായ കക്ഷികള്‍. പിബിയില്‍നിന്നും മാത്രമല്ല വിപ്ലവകേരളത്തില്‍നിന്നുതന്നെ അവരെ നിഷ്‌കാസിതരാക്കണം.
യഥാര്‍ത്ഥത്തില്‍, ഐസക് സാറിന് കുഴിയടയ്‌ക്കല്‍ പ്രക്രിയ ഒരു സാമ്രാജ്യവിരുദ്ധപ്രസ്‌ഥാനമാണ്. അതൊരുതരത്തിലുള്ള ആഗോളവത്‌കരണപ്രതിരോധ പ്രവര്‍ത്തനമാണ്. റോഡിലെ അത്യാഗാധവും അതിവിസ്‌തൃതവുമായ വാരണിക്കുഴികളും സാമ്രാജത്വത്തിന്റെ ഇടപെടലും തമ്മില്‍ എന്തുബന്‌ധമെന്ന് ശങ്കിക്കുന്ന ശുംഭന്മാര്‍ക്ക്, സാമ്രാജ്യത്വഭീകരത അരൂപിയും സര്‍വ്വവ്യാപിയും അമീബയുമാണെന്ന് അറിയില്ല. മന്ത്രിപദാവലിയെടുത്ത് പറഞ്ഞാല്‍ ശരിക്കും അവരാണ് കൊഞ്ഞാണന്മാര്‍. സാമ്രാജത്വത്തിന്റെ ഫ്രൈഡ്‌റൈസും ചിക്കന്‍കാലും ഐസ്‌ക്രീമും തിന്നുവളരുന്ന നിഗൂഢശക്‌തികള്‍ക്ക് പണ്ടേ സ്വര്‍ഗമാണീ കേരളം. അതല്ലേ, വിമോചന സമരകാലത്ത് കെട്ടുകണക്കിന് ഡോളര്‍ വാരിയെറിഞ്ഞതിനു പുറമെ, ബാലറ്റ്‌പെട്ടിയില്‍ ആവാഹിച്ച് കടന്നുചെന്ന് പുരോഗമനവാദികളെ തോല്‍പ്പിച്ചുകളഞ്ഞത്.
അതുപോലെതന്നെയാണ് റോഡില്‍ കുഴികളുണ്ടാകാന്‍ സാമ്രാജ്യത്വം ഇടപെടുന്നതും. കൂടുവിട്ട് കൂടുമാറുന്ന സാമ്രാജത്വം ആദ്യം കൂളിയായി കടന്നുകൂടുന്നത് റോഡ് നിര്‍മ്മിക്കുന്ന കോണ്‍ട്രാക്‌ടര്‍മാരുടെ മനസിലാണ്. അന്നേരം അവരാലോചിച്ചുപോകുന്നു. റബറുചക്രം ഉരുളുന്ന റോഡിനെത്തിനാണിത്ര മിനുസം. അപ്പോഴെ ആറു വീപ്പ ടാറും രണ്ടുലോഡ് ചരലും ലാഭമാകുന്നു. ഇങ്ങനെ മിശ്രിണം ഉണ്ടാക്കുന്നവര്‍ മുതല്‍ കോരിയൊഴിക്കുന്നവര്‍വരെ ഇങ്ങനെ ചിന്തിക്കുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ വിജയിക്കുന്നു. റോഡ് നാലുനാളുകള്‍ക്കകം ദേശീയതടാകമാകുന്നു.
അമേരിക്കയുമായി പുത്രകളത്രാദിബന്‌ധമുള്ള തോമസിനു സാമ്രാജ്യത്വത്തിന്റെ ഗൂഢതന്ത്രങ്ങള്‍ മനഃപാഠമാണ്. പക്ഷേ അദ്ദേഹത്തിന് സര്‍ഗാത്‌മകത കുറവാണെന്ന് കുഴിനിറയ്‌ക്കല്‍യജ്‌ഞം തെളിയിക്കുന്നതെന്ന് സാംസ്‌കാരികരംഗത്തുള്ളവര്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ ഈ കുഴികള്‍വെച്ച് എന്തൊക്കെ പ്രയോജനങ്ങളുണ്ടാക്കാമായിരുന്നു. നിരത്തുവക്കില്‍, സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊടുള്ള പ്രകടനങ്ങളും പൊതുസമ്മേളനങ്ങളുമാണ് കോടതി നിരോധിച്ചിരിക്കുന്നത്. എന്തുകൊണ്ട് റോഡിനു നടുക്കുള്ള കുഴികളെ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും വേദിയായി ഉപയോഗിച്ചുകൂടാ! വേണമെങ്കില്‍ റോഡിലെകുഴി റിയാലിറ്റിഷോയ്‌ക്ക് തന്നെ വേണമെങ്കില്‍ വിഷയമാക്കാം.
എന്തായാലും കേരളത്തിലെ നിരത്തുകളിലെ കുഴികളെല്ലാം ആഗസ്‌റ്റ് പതിനഞ്ചിനകം നികത്തിയിരിക്കുമെന്നാണ് മന്ത്രിയിപ്പോള്‍ പറയുന്നത്. ഇനി മുതല്‍ ആഗസ്‌റ്റ് പതിനഞ്ചിന്റെ പ്രധാന്യവും അതായിരിക്കും.