Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Friday, July 30, 2010 | 10:46:35 AM IST
മൂന്നാര്‍ പങ്കജം ടാക്കീസ്‌

ഇടുക്കി ജില്ലയുടെ രൂപീകരണത്തിനുമുമ്പ്‌ മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച്‌ മേഖലകള്‍ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട ഭൂവിഭാഗമായിരുന്നു. തോട്ടം മേഖല. തമിഴ്‌ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഭൂവിഭാഗം.
തമിഴരെ സംബന്‌ധിച്ചിടത്തോളം സിനിമയെന്നാല്‍ വായുവും വെള്ളവുംപോലെയാണ്‌. ജീവിതത്തിന്‌ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സിനിമാഭ്രാന്തന്മാരാണ്‌ തമിഴ്‌ ജനത. എം.ജി. ആറിന്റെ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യുന്ന അവസരങ്ങളില്‍ തീയേറ്ററിനു മുമ്പില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന `ക്യൂ' മറ്റൊരു സംസ്‌ഥാനത്തെ തീയേറ്ററിനു മുന്നിലും കാണുവാന്‍ സാധിക്കുകയില്ല. ഒരു ഷോയ്‌ക്ക്‌ ടിക്കറ്റ്‌ കിട്ടിയില്ലെങ്കില്‍ ആ ഷോ അവസാനിച്ച്‌ അടുത്ത ഷോയ്‌ക്ക്‌ ടിക്കറ്റ്‌ കൊടുത്തുതുടങ്ങുംവരെയാണ്‌ അവരുടെ നീണ്ടകാത്തുനില്‌പ്‌. പച്ചവെള്ളംപോലും കഴിക്കാതെ.
മൂന്നാര്‍ ടൗണിന്‌ ഇന്നത്തെപ്പോലെ ട്യൂറിസ പ്രാധാന്യം കൈവന്നുകഴിഞ്ഞിട്ടില്ല. എങ്കിലും അവിടെ ഒരു സിനിമാ തീയേറ്റര്‍ അനിവാര്യമായിരുന്നു. വിജയിക്കുവാന്‍ സാധ്യതയുള്ള ഘടകവുമായിരുന്നു. മദിരാശി ആസ്‌ഥാനമായി പലവിധ വ്യവസായ സംരംഭങ്ങള്‍ക്കും വിത്തുപാകിയിരുന്ന ബാലു അളഗണ്ണന്‍ എന്ന കോടീശ്വരനാണ്‌ മൂന്നാറിലെ സിനിമാ സാധ്യത കണ്ടെത്തിയതും സംരംഭത്തിന്‌ തുടക്കംകുറിച്ചതും.
ഇന്ന്‌ പഴയ മൂന്നാര്‍ എന്നറിയപ്പെടുന്ന അന്നത്തെ മൂന്നാര്‍ ടൗണില്‍ അളഗണ്ണന്‍ തന്റെ സിനിമാ തീയേറ്റര്‍ സ്‌ഥാപിച്ചു. പങ്കജം. വെറും കൊട്ടക ആയിരുന്നില്ല അത്‌. ഒരു യൂറോപ്യന്‍ എഞ്ചിനീയര്‍ ഡിസൈന്‍ ചെയ്‌ത പക്കാ പെര്‍മനന്റ്‌ തീയേറ്റര്‍ ആയിരുന്നു. 1960 കളിലാണ്‌ സംരംഭം തുടങ്ങിവച്ചത്‌.
തമിഴ്‌ ചിത്രങ്ങള്‍ക്ക്‌ ഉഗ്രന്‍ കളക്‌ഷന്‍ തന്നെ പങ്കജത്തില്‍ ലഭിച്ച അക്കാലത്ത്‌ തമിഴ്‌ ചിത്രങ്ങള്‍ ഇവിടെ സുലഭവുമായിരുന്നു.
ബിസിനസ്‌ കണ്ണ്‌ മാത്രമാണ്‌ അളഗണ്ണനെ ഭരിച്ചിരുന്നത്‌. അതിനാല്‍ മൂന്നാര്‍ പങ്കജം ടാക്കീസ്‌ പ്രേക്ഷകരെക്കൊണ്ട്‌ ദിവസേന നിറഞ്ഞുകവിഞ്ഞുവെങ്കിലും അതിന്റേതായ യാതൊരു പ്രയോജനവും കേരളത്തിലെ ചലച്ചിത്ര വിതരണക്കാര്‍ക്കു ലഭിച്ചില്ല.
പ്രദര്‍ശകരും വിതരണക്കാരും തമ്മില്‍ ചലച്ചിത്രങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം പങ്കുവയ്‌ക്കുന്നത്‌ രണ്ടുവിധത്തിലാണ്‌. ഷെയര്‍ അടിസ്‌ഥാനത്തിലും ഹയര്‍ അടിസ്‌ഥാനത്തിലും. ലഭിക്കുന്ന കളക്‌ഷനില്‍നിന്ന്‌ നികുതി ഒഴിവാക്കി ലഭിക്കുന്ന തുക വീതിച്ചെടുക്കുന്നതാണ്‌ ഷെയര്‍. എന്നാല്‍ വിതരണക്കാരന്‌ മുന്‍കൂട്ടി ഉറപ്പിച്ച തുക നല്‌കി ചിത്രം പ്രദര്‍ശിപ്പിക്കുന്നതാണ്‌ ഹയര്‍ രീതി. ഹയര്‍ രീതിയില്‍ ചിത്രത്തിന്‌ എത്രമാത്രം കളക്‌ഷന്‍ ലഭിച്ചാലും മുന്‍കൂട്ടി ഉറപ്പിച്ച തുക മാത്രമേ വിതരണക്കാരന്‌ ലഭിക്കുകയുള്ളൂ. അതുപോലെതന്നെ പ്രതീക്ഷിച്ച കളക്‌ഷന്‍ ലഭിച്ചില്ലെങ്കിലും സമ്മതിച്ചുറപ്പിച്ച തുക വിതരണക്കാരന്‌ നല്‍കുവാന്‍ പ്രദര്‍ശകര്‍ ബാധ്യസ്‌ഥരാണ്‌.
ഇതില്‍ ഹയര്‍ രീതി മാത്രമാണ്‌ അളഗണ്ണന്‍ സ്വീകരിച്ചിരുന്നത്‌. അതും തീരെ നിസ്സാര തുകയ്‌ക്കുമാത്രം. സത്യത്തില്‍ പങ്കജം തീയേറ്ററില്‍ ഒരു ദിവസം ലഭിക്കുന്ന കളക്‌ഷന്‍പോലും മുഴുവനായി ഈ വിധത്തില്‍ വിതരണക്കാരനു നല്‍കേണ്ട ബാധ്യത അളഗണ്ണനുണ്ടായിരുന്നില്ല. അത്ര നിസ്സാരമായിരുന്നു വാടകതുക.
ചിത്രങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകമാത്രമാണ്‌ ഇതിന്‌ വിതരണക്കാര്‍ ചെയ്യേണ്ടിയിരുന്ന പരിഹാരമാര്‍ഗ്ഗം. പക്ഷേ മിക്കവര്‍ക്കും അത്‌ സാധ്യമായിരുന്നില്ല. കാരണം മറ്റൊരു സിനിമാ തീയേറ്റര്‍ മൂന്നാറിലോ പരിസരത്തോ പ്രവര്‍ത്തിക്കാത്ത നിലയില്‍ മൂന്നാറില്‍ നിന്ന്‌ തങ്ങളുടെ ചിത്രങ്ങള്‍ക്കു വരുമാനം നേടിയെടുക്കുവാന്‍ അളഗണ്ണന്‍ തന്റെ കൊയ്‌ത്ത്‌ അരംഗുരം തുടര്‍ന്നു.
ഒടുവില്‍ മൂന്നാറില്‍തന്നെ `പ്രിയ' എന്നൊരു തീയേറ്റര്‍ നിലവില്‍ വന്നശേഷമാണ്‌ ഷെയര്‍ അടിസ്‌ഥാനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ട ഗതികേടിലേക്ക്‌ ബാലു അളഗണ്ണന്‍ എന്ന പ്രദര്‍ശകന്‍ എത്തിച്ചേര്‍ന്നത്‌.
അപ്പോഴേക്കും വര്‍ഷം പതിനഞ്ചു കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ വിതരണ മേഖലയില്‍ എത്തിച്ചേരേണ്ട ലക്ഷക്കണക്കിന്‌ രൂപയാണ്‌ പല ഘട്ടത്തില്‍ അളഗണ്ണന്‍ താന്‍ `മോണോപ്പോളി' ആയതുകൊണ്ടുമാത്രം അന്യായമായി നേടിയെടുത്തത്‌.
പ്രിയാ തീയേറ്റര്‍ തുടങ്ങിയതോടുകൂടി അങ്ങിനെ ചലച്ചിത്ര വിതരണരംഗത്തും അതുവഴി നിര്‍മ്മാണരംഗത്തും ഒക്കെ എത്തിച്ചേരേണ്ട മൂന്നാര്‍ മേഖലയിലെ ചലച്ചിത്രപ്രേമികളുടെ ആസ്വാദനത്തിന്റെ പ്രതിഫലം ഒരു പോക്കറ്റിലേക്ക്‌ ഒഴുകുന്നതിനുപകരം മൊത്തമായി ചലച്ചിത്ര മേഖലയിലേക്ക്‌ പ്രവഹിച്ചുവെന്നു പറയാം. പതിറ്റാണ്ടുകളായി തങ്ങള്‍ പല്ലിറുമ്മി സഹിച്ചിരുന്ന ഒരു ചൂഷണം അതോടുകൂടി വിതരണക്കാരുടെ മുമ്പില്‍നിന്ന്‌ ഓടിയൊളിച്ചു. പക്ഷേ അതിന്‌ കാരണമാക്കിയ പ്രിയാ തിയേറ്റര്‍ ഉടമയോട്‌ നേരിയ നന്ദിയെങ്കിലും അവര്‍ പ്രകടിപ്പിച്ചുവോ? അതൊട്ടില്ല താനും. അതാണല്ലോ ചലച്ചിത്ര വേദിയുടെ മുഖമുദ്ര. നന്ദികേട്‌. അക്കാര്യം പിന്നാലെ.
                           മോഹന്‍ദാസ്‌ കളരിക്കല്‍
 

Back  
 
    Rate this news   (1/1)
Feedback
 
ക്രിസ്‌തുവിന്റെ ജീവിതം ആസ്‌പദമാക്കി വിവിധഭാഷാചിത്രം സിദ്ധാര്‍ത്ഥ്‌ മല്‍ഹോത്രയുടെ അടുത്ത ചിത്രത്തില്‍ കരീനയും ഷാഹിദ്‌ കപൂറും പഴശ്ശിരാജ ഫുക്കവോക്ക ഫിലിം ഫെസ്‌റ്റിവലിന്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.