ബോളിവുഡിലെ പ്രീമിയം സ്‌റ്റാറുകളായ അമീറും ഷാരൂഖും ഒന്നിച്ച് അമീര്‍ഖാന്റെ പ്രൊഡക്‌ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന `പീപ്പിളി ലൈവി'ന്റെ പ്രീമിയറില്‍ പങ്കെടുക്കുന്നു. ഷാരൂഖ് ഖാനെ പ്രീമിയറിലേക്ക് ക്ഷണിക്കുന്ന വാര്‍ത്ത അമീര്‍തന്നെയാണ് പുറത്തുവിട്ടത്. ഫ്രണ്ട്‌സ്‌ഷിപ്പ് ദിനത്തില്‍തന്നെ ഈ വിവരം പുറത്തുവന്നത് ഉചിതവുമായി. ഖാന്‍മാരില്‍ ഒന്നാമനെത്തേടിയുള്ള മത്‌സരത്തില്‍ ഇവര്‍തമ്മില്‍ അസ്വാരസ്യങ്ങളുണ്ടോ എന്ന സംശയത്തിനുള്ള മറുപടി കൂടിയായി അമീറിന്റെ അറിയിപ്പ്. ഈ വാര്‍ത്ത ആരാധകരില്‍ വളരെ സന്തോഷം നിറയ്‌ക്കുന്നു. അടുത്തിടെ ഫിലിംഫെയര്‍ `പവര്‍ ലിസ്‌റ്റ്' ഷാരൂഖിനെ പിന്തള്ളി അമീറിനെ ഒന്നാം സ്‌ഥാനത്തേയ്‌ക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ബോളിവുഡിലെ അതുല്യപ്രതിഭകളായ ഖാന്‍മാരുടെ ഈ കൂടിച്ചേരല്‍ നല്ലപ്രതീക്ഷയാണ് നല്‍കുന്നത്.
ഇതുകൂടാതെ അടുത്തിടെ ലണ്ടനില്‍ വച്ച് ഇരുവരുമൊന്നിച്ച് ഒരു ഡിന്നറില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അതും പ്രേക്ഷകരില്‍ ആശ്‌ചര്യമുളവാക്കിയിരുന്നു. ലണ്ടനില്‍ ഇവരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയത് ബോളിവുഡിലെ വലിയ സാന്നിധ്യമായ സംവിധായകനും നിര്‍മ്മാതാവും എല്ലാമെല്ലാമായ കരണ്‍ ജോഹറും. ഇദ്ദേഹവും ഈയിടെയായി ഖാന്‍മാരുമായി വലിയ സൗഹൃദത്തിലാണ്. കൂടാതെ ഇരുവരേയും ഉള്‍പ്പെടുത്തി കരണ്‍ വരുംനാളില്‍ ഒരു പുതിയ ചിത്രം ചെയ്യുമെന്നുള്ള അഭ്യുഹങ്ങളും കേള്‍ക്കുന്നുണ്ട്.
ഏതായാലും ഈ വാര്‍ത്ത സന്തോഷപ്രദമാണ്. ഷാരൂഖ് ഇപ്പോള്‍ `റാ വണ്‍' ചിത്രത്തിന്റെ തിരക്കുകളിലും കൂടാതെ ഭാര്യ ഗൗരിയുമൊത്ത് അഭിനയിക്കുന്ന ഒരു പരസ്യചിത്രത്തിലും പ്രവര്‍ത്തിക്കുന്നു. അമീറാകട്ടെ വ്യത്യസ്‌തചേരുകളുമായി, മണ്ണുമായി ബന്‌ധപ്പെട്ടുനില്‍ക്കുന്ന `പീപ്പിളി ലൈവി'ന്റെ തിരക്കുകളിലും. പീപ്പിളി ലൈവ് ആഗസ്‌റ്റ് 13 ന് റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ഒസ്‌കാര്‍ നോമിനേഷന്‍വരെ കിട്ടിയിട്ടുള്ള അമീര്‍ഖാന്റെ പ്രതിഭ പ്രതിഫലിച്ച `ലഗാനു'മായി `പീപ്പിളി ലൈവി'നെ താരതമ്യം ചെയ്യരുതെന്ന് നേരത്തെ തന്നെ അറിയിക്കുന്നുണ്ട്.
മെല്‍ബണ്‍ ഫിലിം ഫെസ്‌റ്റിവലിലും `പീപ്പിളി ലൈവ്' അരങ്ങേറുന്നുണ്ട്. സ്‌റ്റേജ് ആര്‍ടിസ്‌റ്റുകളാണ് ഈ പടത്തില്‍ കൂടുതലും അണിനിരക്കുന്നത്. മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ഓംപ്രകാശ്‌ദാസ് മണിക്‌പുരി, രഘുഭീര്‍ യാദവ്, നവാസുദ്ദീന്‍ സിദ്ദീഖി, നസറുദ്ദീന്‍ ഷാ, മലൈക ഷേണായ് തുടങ്ങിയവരാണ്. ഇത്തരമൊരു പടം അമീറില്‍ നിന്നാവുമ്പോള്‍ പ്രതീക്ഷകളേറെയാണ്.