Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, July 28, 2010 | 04:06:10 PM IST
സകുടുംബം ശ്യാമള: മാനംപോയ മലയാള സിനിമ

ചിന്താവിഷ്‌ടയായ ശ്യാമള എന്ന പഴയ ശ്രീനിവാസന്‍ ചിത്രത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ടാണ്‌ സകുടുംബം ശ്യാമള പ്രദര്‍ശനത്തിനെത്തിയത്‌. ടി വി ചാനലുകളില്‍ സോപ്പു ചീപ്പ്‌  കണ്ണീര്‍ സീരിയലുകളുമായി നടന്നിരുന്ന രാധാകൃഷ്‌ണന്‍ മംഗലത്ത്‌  സിനിമാ സംവിധായകനായി അവതാരമെടുത്തതിന്റെ ദുരന്തമാണ്‌ മലയാളി പ്രേക്ഷകര്‍ ഈ വാരം അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. കാഴ്‌ചക്കാരുടെ സാമാന്യ ബുദ്ധിയെ കളിയാക്കുന്ന തിരക്കഥ. കോട്ടയം വാരികകളിലെ നര്‍മ്മസല്ലാപത്തേക്കാള്‍ നിലവാരം കുറഞ്ഞ തമാശകള്‍ കുത്തിനിറച്ചിരിക്കുന്നു. കോമണ്‍സെന്‍സ്‌ തൊട്ടുതേച്ചിട്ടില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍, നല്ല നടിയെന്നു പേരെടുത്ത ഉര്‍വശിയുടെ ഓവര്‍ ആക്‌ടിംഗിലൂടെ ബോറായ ചിത്രം എന്ന സല്‍പ്പേരുകൂടി ചേര്‍ന്നാല്‍ സകുടുംബം ശ്യാമളയെക്കുറിച്ച്‌ ഏകദേശ ധാരണ വരും.
ശ്യാമളയും (ഉര്‍വശി) ഭര്‍ത്താവ്‌ വാസുദേവനും (സായ്‌കുമാര്‍) മകന്‍ ആകാശും (കുഞ്ചാക്കോ ബോബന്‍) ചേരുന്നതാണ്‌ ശ്യാമളയുടെ കുടുംബം. ശ്യാമളയുടെ ചിരകാല ശത്രുവും അയല്‍വാസിയും സര്‍വ്വോപരി സഹോദരനുമായ ശേഖരന്‍ (നെടുമുടി വേണു) എന്ന ജില്ലാകളക്‌ടറും ആകാശിന്റെ കാമുകി നന്ദനയും (ഭാമ), ശേഖരന്റെ അസിസ്റ്റന്റും (ജഗദീഷ്‌), പതിവ്‌ രാഷ്‌ട്രീയ കോമാളിയായി സുരാജ്‌ വെഞ്ഞാറമൂടും ഒത്തുചേരുന്നതാണ്‌ സിനിമയിലെ വേഷങ്ങള്‍. ഒന്നും ഒന്നിനൊന്ന്‌ മികച്ചതായില്ലെങ്കിലും ജനത്തെ ബോറടിപ്പിക്കുന്നതില്‍ ഇവര്‍ തമ്മിലുള്ള മല്‍സരാഭിനയം വിജയിക്കുക തന്നെ ചെയ്‌തു. ഒരു ചാനലിലെ ന്യൂസ്‌ എഡിറ്ററാണ്‌ ആകാശ്‌, അതേ ചാനലിലെ റിപ്പോര്‍ട്ടറാണ്‌ നന്ദന. നിരക്ഷരയായ വീട്ടമ്മയാണ്‌ ഉര്‍വ്വശി. സഹദേവന്‍ എന്ന യു ഡി ക്ലര്‍ക്കിനെ അവള്‍ പ്രേമിച്ച്‌ വിവാഹം കഴിച്ചതാണ്‌. അന്നുമുതല്‍ സഹോദരനായ ശേഖരനുമായി ശ്യാമള ശത്രുതയിലായി. സാഹചര്യത്തിന്റെ കളിയില്‍ ഉര്‍വ്വശി മന്ത്രിയാകുന്നു. റവന്യു മന്ത്രി. കളക്‌ടറെ പാഠം പഠിപ്പിക്കാന്‍ മന്ത്രി ഇറങ്ങിപ്പുറപ്പെടുന്നു. സിനിമയും സംവിധാനവും പ്രേക്ഷകരുടെ ക്ഷമയും ഒരുപോലെ കൈവിട്ടുപോകുന്ന കാഴ്‌ചയാണ്‌ പിന്നെ. ഇതിനിടയില്‍ നന്ദനയെ ആകാശ്‌ കല്യാണം കഴിക്കുന്നുണ്ട്‌. അതില്‍ ശ്യാമളക്ക്‌ എതിര്‍പ്പാണ്‌. മകനെ അമേരിക്കയില്‍ വിടണമെന്നും വിവാഹം അവിടെ നടത്തണമെന്നുമായിരുന്നു ശ്യാമളയുടെ സ്വപ്‌നം. കുഴപ്പം പിടിച്ച്‌ രാഷ്‌ട്രീയക്കളികള്‍ക്കിടയില്‍ ശ്യാമളക്ക്‌ മന്ത്രിസ്ഥാനം നഷ്‌ടമാകുന്നു. കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ നന്ദനയുടെ സഹായത്തോടെ ശ്യാമള പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ സിനിമ ഒരുവിധത്തില്‍ അവസാനിപ്പിക്കുന്നു. അപമാനിതരായ പ്രേക്ഷകര്‍ ശിരസുകുനിച്ച്‌ പടിയിറങ്ങുന്നു.
എസ്‌ ഗോപകുമാര്‍ എന്ന നിര്‍ഭാഗ്യവാനാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. രാധാകൃഷ്‌ണന്‍ മംഗലത്താണ്‌ ഈ അക്രമം സംവിധാനപ്പെടുത്തിയിരിക്കുന്നത്‌. സകുടുംബം ശ്യാമള എന്ന ചിത്രത്തെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ലഭിക്കുന്നവര്‍ ഇതിന്റെ നൂറ്‌ കോപ്പി എടുത്ത്‌ സുഹൃത്തുക്കള്‍ക്ക്‌ ഉടനടി നല്‍കുക. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ നേട്ടങ്ങളാണ്‌ വരാനിരിക്കുന്നത്‌. സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മാനഹാനിയില്‍നിന്നും ഉടനടി മോചനവും ലഭിക്കും. ഇത്‌ അനുസരിക്കാതെ തിയേറ്ററില്‍ ഇടിച്ചുകയറി സിനിമ കണ്ടവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു.





 

Back  
 
    Rate this news   (2/2)
Feedback
 
3 ചാര്‍ സൗ ബീസ്‌: കാണികളുടെ പോക്കറ്റടിച്ചു ആത്മകഥ: നല്ല സിനിമയുടെ ഗണത്തിലേക്ക്‌ വിനയന്റെ യക്ഷിയും പാവം പ്രേക്ഷകരും


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.