Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, March 10, 2010 IST
ഇതാ ഒരു `കിഡ്‌നാപ്പിങ്‌ ' സ്വാമി

 ഇന്ത്യയില്‍ പൊതുവേ സ്വാമിമാര്‍ക്ക്‌ കഷ്‌ടകാലമാണെന്നു തോന്നുന്നു. നിത്യാനന്ദനും ശിവമുരാത്‌ ത്രിവേദിയും കല്‍ക്കിഭഗവാനുമൊക്കെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടത്‌ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്‌. ഏറ്റവുമൊടുവില്‍ മറ്റൊരു സ്വാമിയുടെ കൂടി തനിനിറം പുറത്തായിരുന്നു. സ്വാമിയുടെ പേര്‌ അനൂപ്‌ കുമാര്‍ സഹായി സ്വാമിജി. 40 വയസ്‌. ഘാസിയാബാദിലാണ്‌ സ്വാമിജിയുടെ ആശ്രമം. സ്വാമിചെയ്‌ത കുറ്റം. 25 കാരിയായ ശിഷ്യയോട്‌ മോഹം തോന്നി. വിവാഹാഭ്യര്‍ത്ഥന നടത്തി. ശിഷ്യ നിരസിച്ചു. കോപവും മോഹവും മൂത്ത സ്വാമി, ശിഷ്യയെ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ സ്വാമി ഒളിവിലാണ്‌. ശിഷ്യയെ കാണാനുമില്ല.
ലക്ഷക്കണക്കിനു ശിഷ്യരുടെ സ്വാമിയാണ്‌ അനൂപ്‌ സഹായി. ആയുര്‍വേദമായിരുന്നു, പ്രധാന ആയുധം. ചുവന്ന ലൈറ്റ്‌ ഫിറ്റ്‌ ചെയ്‌ത കാറിലായിരുന്നു കറക്കം. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകസമിതിയംഗമാണ്‌ താനെന്നും അതുകൊണ്ട്‌ ചുവന്നലൈറ്റ്‌ ഉപയോഗിക്കാമെന്നുമായിരുന്നു സ്വാമിയുടെ വാദം. ഡെല്‍ഹിയിലെ റാഫിമാര്‍ഗിലെ ശ്രമഭവനില്‍ സ്വാമി ഒരു ഓഫീസും തുറന്നിരുന്നു. കൂടാതെ സപ്‌തഋഷി ഫൗണ്ടേഷന്‍ എന്നൊരു ചാരിറ്റബിള്‍ സംഘടനയും ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്വാമിക്കുണ്ട്‌. ഇന്ത്യയിലും പുറത്തുമായി നിരവധി ആയുര്‍വേദ സ്‌ഥാപനങ്ങളുടെ ഉപദേശകസമിതിയില്‍ സ്വാമി അംഗമാണ്‌.
ഒരുവര്‍ഷം മുമ്പാണ്‌ എം.ബി.എക്കാരിയും പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിയുമായ പ്രിയങ്ക ശ്രീവാസ്‌തവ എന്ന 25 കാരിയെ വിഷാദരോഗം ചികിത്‌സിക്കാനായി അമ്മ സുധാശ്രീവാസ്‌തവ സ്വാമിയുടെയടുത്ത്‌ കൊണ്ടുചെന്നത്‌. പിന്നീട്‌ പ്രിയങ്ക സ്വാമിയുടെ ആശ്രമത്തിലെ നിത്യസന്ദര്‍ശകയായി. സ്വാമിയുടെ മനസ്സില്‍ പ്രിയങ്കയോട്‌ അടങ്ങാത്ത മോഹം തോന്നി. താന്‍ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണെന്നത്‌ സ്വാമി മറന്നു. അയാള്‍ പ്രിയങ്കയോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തി.
ആ സംഭവത്തോടെ പ്രിയങ്ക ആശ്രമത്തില്‍ പോകാതെയായി. അപ്പോള്‍ സ്വാമി വീട്ടിലെത്തി പ്രിയങ്കയുടെ അമ്മയോട്‌ അവളെ തനിക്ക്‌ വിവാഹം കഴിച്ചുതന്നാല്‍ ഒരു കോടി രൂപ തരാമെന്ന്‌ പറഞ്ഞു. എന്നിട്ടും വീട്ടുകാര്‍ വഴങ്ങിയില്ല. അതോടെ സ്വാമി ഭീഷണി തുടങ്ങി. പ്രിയങ്കയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്‌ച പാല്‍ വാങ്ങാനായി പുറത്തുപോയ പ്രിയങ്ക തിരികെ വന്നില്ല. സുധ ശ്രീവാസ്‌തവ പൊലീസില്‍ പരാതികൊടുത്തു. പൊലീസ്‌, സ്വാമിയുടെ ആജ്‌ഞാനുവര്‍ത്തികളായിരുന്നു. അവര്‍ ആദ്യം അനങ്ങിയില്ല. ഒടുവില്‍ പൊതുജനം ഇടപെട്ടു. അതോടെ പൊലീസ്‌ അന്വേഷണം തുടങ്ങി.
ഇതിനിടെ സുധയ്‌ക്ക്‌ സ്വാമിയുടെ എസ്‌.എം.എസ്‌ സന്ദേശം വന്നു. പ്രിയങ്കയെ താനാണ്‌ തട്ടിക്കൊണ്ടുപോയതെന്നും തിങ്കളാഴ്‌ച അവളെ നിര്‍ബന്‌ധിച്ചായാലും വിവാഹം കഴിക്കുമെന്നും എസ്‌.എം.എസില്‍ പറയുന്നു. അതിനുശേഷം സ്വാമിയെയും പ്രിയങ്കയെയുംപറ്റി വിവരമൊന്നുമില്ല.
പൊലീസ്‌ സ്വാമിക്കെതിരെ 363, 366, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത്‌ അന്വേഷണം നടത്തിവരികയാണ്‌. ഘാസിയാബാദിലെ സ്വാമിയുടെ ആശ്രമം ജനക്കൂട്ടം തകര്‍ത്തു. സ്വാമിക്കെതിരെ ജനരോഷം ആളിക്കത്തുകയാണ്‌.

Back  
 
    Rate this news
Feedback
 
അന്‍ഡ്രോയിഡ്‌ പവര്‍ പി.സി അടുത്തവര്‍ഷം ആദ്യം മുഹമ്മദ്‌ അസിഫുമായുള്ള കണക്‌ഷന്‍ നീതു ചന്ദ്ര നിഷേധിച്ചു മുഖ്യമന്ത്രിയാകാന്‍ ശങ്കരനാരായണനും; കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.