മലയാള സിനിമയില്‍ മിമിക്രിക്കാര്‍ക്ക് പഴയതുപോലുള്ള സ്‌കോപ്പില്ല. ഒരുകാലത്ത് വെള്ളിത്തിരയിലേക്ക് മിമിക്രിക്കാരുടെ തള്ളിക്കയറ്റമായിരുന്നു. അതില്‍ ചിലര്‍ സ്‌റ്റാറുകളായി, കുറേപ്പേര്‍ മിനിസ്‌ക്രീനില്‍ രാജാക്കന്മാരായി. സ്‌റ്റേജ് ഷോകളിലെ പ്രധാന ആകര്‍ഷകരായി. മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സാജുകൊടിയന്‍. വാജ്‌പേയിയുടെയും പെണ്‍വേഷങ്ങളുടെയും അപരനാമമായി ഇദ്ദേഹം മാറി. കഴിഞ്ഞ കുറേക്കാലമായി ഇദ്ദേഹത്തിന്റെ പേര് മലയാള സിനിമാ മണ്‌ഡലത്തില്‍ ചര്‍ച്ചയ്‌ക്ക് വരാറില്ല. മിമിക്രിക്കാരുടെ ഐറ്റംനമ്പറുകള്‍ ഏശുന്നില്ലെന്നതായിരിക്കാം കാര്യം. എന്തായാലും മിമിക്രിയെന്ന മായാജാലത്തെ വിട്ട് പുതിയ സാഹസത്തിനാണ് സാജുവിന്റെ പുറപ്പാട്. മഹാരഥന്‍മാര്‍ വാണ മലയാള സിനിമാസാഹിത്യത്തില്‍ തന്റെ നൈപുണ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. പ്രതീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാജുവിന്റെ തിരക്കഥ റെഡയായിരിക്കുന്നത്. `ഫോര്‍ ഇഡിയറ്റ്‌സ്' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മിമിക്രിയിലൂടെ ലഭിച്ച ജീവിതാനുഭവങ്ങള്‍ ഉപകാരപ്പെടുമെന്നാണ് സാജു കൊടിയന്‍ വിശ്വസിക്കുന്നത്. ഏതായാലും പ്രേക്ഷകര്‍ക്ക് ചിരിയുടെ നറുമരുന്നുമായി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ഫോര്‍ ഇഡിയറ്റ്‌സ്. സാജു കൊടിയനും ഹരിശ്രീ മാര്‍ട്ടിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംബാവ സംവിധാനം ചെയ്യുന്ന `ടെയ്‌ലറാം ബാലന്റെ' തിരക്കഥയും സാജു കൊടിയന്‍ തന്നെ നിര്‍വഹിക്കുന്നു.