കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയുമായി നാടുചുറ്റുന്ന ഹൈബി ഈഡനെയും എം. ലിജുവിനെയും നിയന്ത്രിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ പരാതിക്ക് ഹൈക്കമാന്‍ഡ് ചെവികൊടുത്തില്ല. എന്‍എസ്‌യു പ്രസിഡന്റ് ഹൈബിയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലിജുവും പാര്‍ട്ടിയിലെ മൂത്ത നേതാക്കള്‍ക്കെതിരേ ബോധപൂര്‍വമായി നടത്തുന്ന പരസ്യപരാമര്‍ശങ്ങള്‍ക്കെതിരേ ഇതേവരെ ആരും കാര്യമായി പ്രതികരിച്ചില്ല. ഇവരെ വിലക്കാന്‍ ആരും മുതര്‍ന്നതുമില്ല. എന്നാല്‍, രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയിലെത്തിയ നേതാക്കള്‍ ഈ പ്രശ്‌നം അവിടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. തല്‍ക്കാലം അതിവിടെ പറയൂ എന്നായിരുന്നു ഇവര്‍ക്കു ലഭിച്ച ഉത്തരം.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സമ്പൂര്‍ണ പിന്തുണയോടെയാണ് ഹൈബി ഈഡന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍ എന്നു വിളിച്ചതെന്നു സംസ്ഥാന നേതാക്കള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനാല്‍ ദേഷ്യം അടക്കിപ്പിടിച്ച് മിണ്ടാതിരിക്കുകയായിരുന്നു. രാഹുലിന്റെ പ്രത്യേക ടീമില്‍ ഹൈബിയുണ്ട്. രാഹുലിന്റെ ഒട്ടുമിക്ക യാത്രകളിലും ഹൈബിയെ കൊണ്ടുപോകാറുമുണ്ട്. ലിജുവിന് ബലം ഹൈബിയുടെ പിന്തുണയാണ്. ഈ കാരണങ്ങളാലാണ് പ്രശ്‌നം ഹൈക്കമാന്‍ഡിനു മുന്നില്‍ വയക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തീരുമാനിച്ചത്. പക്ഷേ എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവ രാഹുലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും, അതിനാല്‍ അവയുടെ നേതാക്കളെപ്പറ്റിയുള്ള പരാതികള്‍ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മൊഹ്‌സിന കിദ്വായി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ വ്യക്തമാക്കി.
രണ്ടില്‍ക്കൂടുതല്‍ പ്രാവശ്യം എംഎല്‍എയും എംപിയുമൊക്കെയായവര്‍ മാറിനില്‍ക്കണമെന്ന നയം രാഹുലിന്റേതാണ്. കേരളത്തില്‍ ഇക്കാര്യം തുറന്നുപറയാന്‍ ആരും മുന്നോട്ടു വരില്ല എന്നു മനസിലായപ്പോള്‍ ഹൈബിയെക്കൊണ്ട് രാഹുല്‍ അതു പറയിക്കുകയായിരുന്നു എന്നാണു സൂചന. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കാര്യമായ പിടിപാടും ഗോഡ്‌ഫാദര്‍മാരുമില്ലാത്ത, തീര്‍ത്തും ജൂനിയറായ ഹൈബി ഈഡന്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഗുരുതരമായ പ്രസ്‌താവന നടത്തിയത് വെറുതെയല്ല. ഹൈബി പ്രസംഗിച്ച വേദിയില്‍ത്തന്നെയാണ് ലിജുവും മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചത്. പിന്നീട് ലിജുവിന്റെ സ്വരം കുറച്ചുകൂടി കടുത്തു. മുതിര്‍ന്നവര്‍ ചെറുപ്പക്കാര്‍ക്കായി വഴിമാറിത്തന്നില്ലെങ്കില്‍ എതിര്‍ത്തു മത്സരിക്കാന്‍ മടിക്കില്ലെന്നും ലിജു മുന്നറിയിപ്പ് നല്‍കി.
ഇരുവരുടെയും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പൊരുള്‍ മനസിലാകാതെ നില്‍ക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍. ഹൈക്കമാന്‍ഡിനു പരാതി കൊടുക്കാന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. പിന്നീടാണ് കേന്ദ്രനേതൃത്വത്തോട് വാക്കാല്‍ അസംതൃപ്‌തി അറിയിക്കാന്‍ തീരുമാനിച്ചത്. ആ അധ്യായവും അടഞ്ഞു. രാഹുലിനെ നേരില്‍ക്കണ്ട് പരാതി പറയാന്‍ നിലവില്‍ സംവിധാനവുമില്ല. ഒരു സംസ്ഥാനത്തും പാര്‍ട്ടി നേതാക്കളെ രാഹുല്‍ അടുപ്പിക്കാറില്ല. തന്നെ സ്വീകരിക്കാനോ അനുഗമിക്കാനോ വരരുതെന്നാണ് എല്ലാ നേതാക്കള്‍ക്കും എംപി-എംഎല്‍എ- മന്ത്രിമാര്‍ക്കും രാഹുല്‍ നല്‍കിയിരിക്കുന്ന കര്‍ശ നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിലവിലുള്ള പലര്‍ക്കും സീറ്റുകള്‍ നഷ്ടമാകുമെന്ന വ്യക്തമായ സൂചനയാണ് ഹൈബിയുടെ എക്‌സപെയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍ എന്ന പ്രയോഗം. വനിതാസംവരണ ബില്‍ പാസായാല്‍ പലര്‍ക്കും വീട്ടിലിരിക്കേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കൊടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ അതും മൂത്ത നേതാക്കള്‍ക്ക് പാരയാകും. എന്തായാലും രാഹുല്‍ ഗാന്ധിയുടെ മനസ്സിലിരുപ്പ് പിടികിട്ടാതെ അന്തംവിട്ട് നില്‍ക്കുകയാണ് കേരളത്തിലെ മിക്ക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും.