Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Tuesday, February 09, 2010 IST
വഹാബിന്‌ ഏറനാട്‌; ജയിച്ചാല്‍ വിദ്യാഭ്യാസമന്ത്രി

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഏറനാട്ടുനിന്ന്‌ പി.വി. അബ്‌ദുള്‍ വഹാബിനെ മത്‌സരിപ്പിക്കാന്‍ മുസ്‌ലീംലീഗില്‍ തീരുമാനമായി. ജയിച്ചാല്‍ വിദ്യാഭ്യാസമന്ത്രി സ്‌ഥാനമാണ്‌ വഹാബിന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ പുതുതായി രൂപീകരിച്ച നാല്‌ നിയമസഭാ മണ്‌ഡലങ്ങളിലൊന്നാണ്‌ ഏറനാട്‌. ഏറനാട്ടില്‍ വഹാബിനെ മത്‌സരിപ്പിക്കാന്‍ അന്തരിച്ച പാണക്കാട്‌ തങ്ങള്‍ക്കും താത്‌പര്യമുണ്ടായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുന്‍നിര മുസ്ലീംലീഗ്‌ നേതാക്കളെല്ലാം അബ്‌ദുള്‍ വഹാബിനു സീറ്റ്‌ നല്‍കുന്നതിന്‌ അനുകൂലമാണ്‌. നിലവില്‍ രാജ്യസഭാ എം.പിയാണ്‌ വന്‍കിട വ്യവസായികൂടിയായ പി.വി. അബ്‌ദുള്‍ വഹാബ്‌.
വഹാബിന്‌ നിയമസഭാ സീറ്റ്‌ നല്‍കാനും ജയിച്ചാല്‍ അടുത്ത മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി സ്‌ഥാനം നല്‍കാനുമുള്ള രഹസ്യധാരണ മുസ്ലീംലീഗിലെ അത്രയൊന്നും പ്രബലമല്ലാത്ത മുജാഹിദ്‌ ഗ്രൂപ്പിന്‌ ആവേശം സൃഷ്‌ടിക്കും. മുജാഹിദ്‌ ഗ്രൂപ്പില്‍പ്പെടുന്നയാളാണ്‌ വഹാബ്‌. എന്നാല്‍ സുന്നികളാണ്‌ മുസ്ലീംലീഗില്‍ പ്രബലര്‍. നേതാക്കളില്‍ അധികവും സുന്നിവിഭാഗത്തില്‍പ്പെടുന്നവരാണ്‌. കെ.പി.എ മജീദാണ്‌ ഇതുവരെ മുസ്ലീംലീഗില്‍ മുജാഹിദുകളെ പ്രതിനിധീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ മജീദിനേക്കാള്‍ ജനസ്വാധീനം നേടിയെടുക്കാന്‍ വന്‍വ്യവസായി എന്ന നിലയില്‍ വഹാബിനു കഴിയുമെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഏറെ നാളായി എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ വഹാബ്‌ ഏറനാട്ടില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുമുണ്ട്‌.
എന്നാല്‍ വഹാബിന്റെ ഏറനാട്ടേക്കുള്ള വരവ്‌ അത്ര എളുപ്പമാവില്ലെന്നും സൂചനയുണ്ട്‌. അന്തരിച്ച മുസ്ലീംലീഗ്‌ നേതാവ്‌ സീതിഹാജിയുടെ മകനും മുസ്ലീംലീഗ്‌ ഏറനാട്‌ മണ്‌ഡലം പ്രസിഡന്റുമായ പി.കെ. ബഷീറിന്‌ ഏറനാട്‌ സീറ്റില്‍ കണ്ണുണ്ട്‌. ഏറനാട്‌ സീറ്റ്‌ തനിക്കുവേണമെന്ന്‌ ബഷീര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. മണ്‌ഡലം പ്രസിഡന്റെന്ന നിലയില്‍ ബഷീറിന്റെ ആവശ്യം നേതൃത്വത്തിന്‌ അത്രയെളുപ്പം തള്ളിക്കളയാനാവില്ല. ബഷീറിനെ അനുനയിപ്പിക്കാന്‍ വേറെ വഴികള്‍ തേടേണ്ടിവരും. കൊണ്ടോട്ടി സീറ്റ്‌ ബഷീറിനു നല്‍കി പ്രശ്‌നം പരിഹരിക്കാമെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
വഹാബിനു ശത്രുക്കള്‍ കോണ്‍ഗ്രസിലുമുണ്ട്‌. കെ.എസ്‌.യു നേതാക്കള്‍, അടുത്ത മന്ത്രിസഭയില്‍ കോണ്‍ഗ്രസ്‌ തന്നെ വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യണമെന്ന്‌ ആവശ്യമുന്നയിച്ചത്‌ വഹാബിന്റെ വരവ്‌ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ്‌. രാഹുല്‍ഗാന്‌ധി എടത്തലയിലെ കെ.എസ്‌.യു ക്യാമ്പ്‌ സന്ദര്‍ശിച്ചപ്പോഴും കെ.എസ്‌.യു നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കോണ്‍ഗ്രസ്‌ നേതൃത്വം ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി ലീഗ്‌ കൈവശംവച്ചിരിക്കുന്ന വിദ്യാഭ്യാസവകുപ്പ്‌ പറിച്ചെടുക്കുക കോണ്‍ഗ്രസിന്‌ എളുപ്പമാവില്ല.
രാജ്യാന്തര വ്യവസായിയും കോടീശ്വരനുമായ പി.വി. അബ്‌ദുള്‍ വഹാബ്‌ മന്ത്രിയാകുന്നത്‌ മുസ്ലീംലീഗിന്റെ വ്യവസായസംരംഭങ്ങള്‍ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. പുതിയ ചാനല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക്‌ ധനസമാഹരണം നടത്താനും നേതൃത്വം നല്‍കാനും മന്ത്രി, വ്യവസായി എന്നീ നിലകളില്‍ വഹാബിനു കഴിയും.
ഏതായാലും വഹാബ്‌ കേരളത്തിലെ മന്ത്രിയായാല്‍, കേരളം കണ്ടതില്‍വച്ച്‌ ഏറ്റവും വലിയ പണക്കാരനായ മന്ത്രിയാകും എന്നു ചുരുക്കം.

Back  
 
    Rate this news   (1/1)
Feedback
 
മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ ലീഗ്‌ സ്ഥാനാര്‍ത്ഥിയാകും ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം ഇടപെടും ശീകണ്‌ഠന്‍ നായര്‍ക്കു പകരം ഏഷ്യാനെറ്റില്‍ ഇനി ജഗദീഷ്‌


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.