Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Tuesday, February 09, 2010 IST
ഐ.പി.എല്‍: കേരളത്തിന്‌ ആരുണ്ട്‌ കളിക്കാന്‍?

ഇന്ത്യയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന രണ്ട്‌ ഐ.പി.എല്‍ ടീമുകളെ സ്വന്തമാക്കാന്‍ ലണ്ടനിലെ ലോര്‍ഡ്‌സ്‌ ക്രിക്കറ്റ്‌ ക്ലബ്‌ മുതല്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുവരെ തയാറായി നില്‍ക്കുകയാണ്‌. ലാല്‍-പ്രിയന്‍ സംഘം കൊച്ചി ഐ.പി.എല്‍ എന്ന ടീമിനുവേണ്ടിയാണ്‌ ശ്രമിക്കുന്നത്‌. 1000 കോടി രൂപയാണ്‌ ഒരു ടീമിന്‌ ഐ.പി.എല്‍ അധികൃതര്‍ വിലയിട്ടിരിക്കുന്നത്‌. `വില' അല്‌പം കൂടുതലാണെങ്കിലും നിരവധി പ്രമുഖര്‍ ടീം സ്വന്തമാക്കാന്‍ രംഗത്തുണ്ട്‌.
ഇനി, കൊച്ചി ഐ.പി.എല്‍ സാക്ഷാത്‌ക്കരിക്കപ്പെട്ടു എന്നിരിക്കട്ടെ. എന്തായിരിക്കും ആ ടീമിന്റെ അവസ്‌ഥ? കേരളത്തില്‍നിന്ന്‌ എത്ര താരങ്ങളെ ആ ടീമിലെടുക്കാന്‍ കഴിയും?
ഇന്ത്യയുടെ ക്രിക്കറ്റ്‌ ചരിത്രത്തില്‍പ്പോലും രണ്ട്‌ മലയാളികള്‍ക്കേ ഇടമുള്ളു. ടിനു യോഹന്നാനും എസ്‌. ശ്രീശാന്തിനും. കൂട്ടത്തില്‍ അംഗീകാരം കിട്ടാതെ പോയ ഒരു അനന്തപത്‌മനാഭനുണ്ട്‌. എബി കുരുവിള, റോബിന്‍ ഉത്തപ്പയേയോ പോലെയുള്ള പാതി മലയാളികളുമുണ്ടെന്ന്‌ ഗമയ്‌ക്കുപറയാമെന്നു മാത്രം. എന്നിട്ടും കേരളം വലിയ സ്വ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഐ.പി.എല്‍ എന്ന ബിഗ്‌ ബജറ്റ്‌ സ്വപ്‌നം!
കൈയില്‍ കാശും തലയില്‍ ബുദ്ധിയുമുണ്ടെങ്കില്‍ അന്യ സംസ്‌ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നും വമ്പന്മാരെ വിലയ്‌ക്കെടുക്കാം. പക്ഷേ, ക്യാച്ച്‌മെന്റ്‌ ഏരിയയില്‍നിന്നു നിശ്‌ചിത ക്വോട്ട ടീമില്‍ നിര്‍ബന്‌ധമാണ്‌. അതെങ്ങനെ തികയ്‌ക്കാന്‍ പോകുന്നു കേരളത്തിന്റെ ഐ.പി.എല്‍ ഫ്രാഞ്ചൈസി? കേരളത്തെക്കാള്‍ വലുപ്പവും പ്രതിഭയും വിഭവശേഷിയും കുറഞ്ഞ ടീമുകള്‍ പോലും രഞ്‌ജി ട്രോഫിയില്‍ ആശ്വാസജയങ്ങളോ ഒന്നാമിന്നിംഗ്‌സ്‌ ലീഡുകളോ എങ്കിലും സമ്പാദിക്കുമ്പോള്‍ കഴിഞ്ഞ സീസണ്‍ ഒറ്റ ജയവുമില്ലാതെ നാണംകെട്ടാണ്‌ നമ്മള്‍ അവസാനിപ്പിച്ചത്‌.
ഇപ്പോഴത്തെ കേരള ടീമിലെ എത്രപേരുണ്ട്‌ ഐ.പി.എല്‍ പോലൊരു അന്താരാഷ്‌ട്ര നിലവാരമുള്ള ടൂര്‍ണമെന്റ്‌ കളിക്കാന്‍ ശേഷിയുള്ളവരായി? പറയാനൊരു ശ്രീശാന്ത്‌. നിലവില്‍ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ താരമാണു ശ്രീ. അടുത്ത സീസണില്‍ പുതിയ താരലേലമുണ്ട്‌. അപ്പോള്‍ കേരളം മാത്രമാകില്ല ശ്രീക്കുവേണ്ടി പണമിറക്കുന്നത്‌. പിന്നെ പഴയ ഇന്ത്യന്‍ അണ്ടര്‍ 19 പാരമ്പര്യം അവകാശപ്പെടുന്ന ശ്രീകുമാര്‍ നായര്‍, രാജസ്‌ഥാന്‍ റോയല്‍സ്‌ കഴിഞ്ഞ സീസണില്‍ ടീമിലെടുത്തെങ്കിലും കളിപ്പിക്കാത്ത റൈഫി വിന്‍സന്റ്‌ ഗോമസ്‌, ഇന്ത്യന്‍ ടീമില്‍ കളിച്ച ടിനുവിന്റെ പ്രേതം, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ അധികൃതര്‍ പിന്നെ വരാന്‍ പറഞ്ഞുവിട്ട രോഹന്‍ പ്രേം.
മൂശയുള്ള തിങ്ക്‌ ടാങ്കിന്‌ ഇവരെയൊക്കെ വച്ചു നല്ലൊരു ടീമിനെ സൃഷ്‌ടിക്കാന്‍ സാധിച്ചേക്കും. ആദ്യ സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഷെയ്‌ന്‍ വോണും കൂട്ടരും അത്‌ തെളിയിച്ചതുമാണ്‌. പക്ഷേ, അവിടെ ക്യാച്ച്‌മന്റ്‌ ഏരിയ വലുതായിരുന്നു. ആ പ്രദേശത്ത്‌ അന്യസംസ്‌ഥാന കളിക്കാരെ എത്തിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ദക്ഷിണേന്ത്യയിലെ സ്‌ഥിതി അതല്ല, ഇവിടെ എല്ലാ തെക്കന്‍ സംസ്‌ഥാനങ്ങള്‍ക്കും സ്വന്തമായി ടീമുണ്ട്‌. തമിഴ്‌നാട്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌, കര്‍ണാടകയില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌, ആന്‌ധ്രപ്രദേശില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌ ഇവര്‍ക്കിടയില്‍നിന്നു പ്രതിഭാധനരെ കേരളത്തിനു മാത്രമായി സ്വന്തമാക്കാന്‍ എങ്ങനെ സാധിക്കും. അപ്പോള്‍ കൂടുതലായി കേരള താരങ്ങളെ തന്നെ ആശ്രയിക്കുകയാണ്‌ മാര്‍ഗം.
ഐ.പി.എല്‍ കൊണ്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ രംഗത്തിനു തീര്‍ച്ചയായും ഗുണമുണ്ടായി. രാജ്യം ലോകത്തിന്റെ ക്രിക്കറ്റ്‌ തലസ്‌ഥാനം തന്നെയായി. മന്‍പ്രീത്‌ ഗോണി, വൃദ്ധമാന്‍ സാഹ, സ്വപ്‌നില്‍ അസ്‌നോദ്‌കര്‍, സിദ്ധാര്‍ഥ്‌ ത്രിവേദി, മനീഷ്‌ പാണ്‌ഡെ തുടങ്ങി നിരവധി യുവതാരങ്ങള്‍ സെലക്‌ടര്‍മാരുടെ പരിഗണനയിലെങ്കിലുമെത്തി. പക്ഷേ, ഒരു സംസ്‌ഥാന ടീമിനും പൊതുവില്‍ ഐ.പി.എല്‍ ഗുണം ചെയ്‌തതായി കാണുന്നില്ല. അസ്‌നോദ്‌കറും ഷാദാബ്‌ ജകാതിയും ശ്രദ്ധിക്കപ്പെട്ടെന്നുവച്ച്‌ ഗോവ പ്ലേറ്റ്‌ ലീഗില്‍നിന്നു മേലോട്ടു കയറിയില്ല. രാജസ്‌ഥാന്‍ റോയല്‍സ്‌ ചാമ്പ്യന്‍മാരായിട്ടും രാജസ്‌ഥാന്‍ ടീം രഞ്‌ജി ട്രോഫി ടൂര്‍ണമെന്‍റില്‍ എങ്ങുമെത്തിയില്ല.
അതിലേറെയൊന്നും കേരളത്തിനും പ്രതീക്ഷിക്കാനില്ല. പേരിനു മലയാളികള്‍ മാത്രമുള്ളതെങ്കിലും സ്വന്തമായൊരു ടീമെന്ന്‌ ആവേശം കൊള്ളാം. വ്യക്‌തിപരമായി ഒന്നോ രണ്ടോ താരങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചേക്കാം. പക്ഷേ കേരള ക്രിക്കറ്റിനെ നന്നാക്കാന്‍ എന്തെങ്കിലും പ്രായേഗിക പദ്ധതികള്‍ കെ.സി.എയുടെ പക്കലുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ എസ്‌. അനീഷിനെപ്പോലുള്ള പ്രതിഭാധനരായ യുവതാരങ്ങള്‍ക്ക്‌ അജ്‌ഞാതവാസത്തിന്‌ പോകേണ്ടിവരുമായിരുന്നില്ല. നാലു കളിക്കാര്‍ പ്രായം തിരുത്തി ഏജ്‌ ഗ്രൂപ്പ്‌ മത്‌സരം കളിച്ചെന്ന ചീത്തപ്പേര്‌ കേള്‍പ്പിക്കേണ്ടിവരുമായിരുന്നില്ല. അതിന്‌ കെ.സി.എ അധികൃതരും കൂട്ടുനിന്നു എന്ന ആരോപണം ഉയരുമായിരുന്നില്ല.
എങ്കിലും മറ്റേതു സംസ്‌ഥാനത്തിനൊപ്പം ക്രിക്കറ്റ്‌ പ്രേമികളുടെ ശതമാനം അവകാശപ്പെടാവുന്ന കേരളത്തിന്‌ സ്വന്തമായൊരു ടീം, അതും പ്രിയപ്പെട്ട സൂപ്പര്‍ താരത്തിന്റെ ലേബലില്‍, അതൊരു സുഖമുള്ള സ്വപ്‌നം തന്നെ...

 

Back  
 
    Rate this news   (2/2)
Feedback
 
ബ്രിട്ടീഷ്‌ എം.പിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍... സര്‍വീസ്‌ വെട്ടിക്കുറയ്‌ക്കല്‍: എയര്‍ ഇന്ത്യക്കെതിരേ കേരളം സര്‍വകക്ഷി നീക്കത്തിന്‌ ടോണി ബ്ലെയറുടെ ഫ്രഞ്ച്‌ പ്രണയം


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.