Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Monday, February 08, 2010 IST
ബച്ചന്‍ മലയാളത്തില്‍; കൂട്ടിന്‌ മോഹന്‍ലാലും

ഒടുവില്‍ അത്‌ യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്തെ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ അമിതാഭ്‌ ബച്ചന്‍ ഇതാദ്യമായി മലയാളത്തിലഭിനയിക്കുന്നു, മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലിനൊപ്പം. തെക്കേ ഇന്ത്യന്‍ സിനിമയ്‌ക്കൊട്ടാകെ അഭിമാനമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ മേജര്‍ രവി. പ്രിയദര്‍ശനെപ്പോലുള്ള മലയാളികള്‍ ഹിന്ദി സിനിമ അടക്കിവാഴുമ്പോഴും, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസത്തെ മലയാളമെന്ന കൊച്ചു ഭാഷയിലേക്ക്‌ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ്‌ മേജര്‍ രവിക്കാണ്‌.
മോഹന്‍ലാലും മേജര്‍ രവിയും കഴിഞ്ഞദിവസം കൊച്ചിയില്‍ ബച്ചനെ സന്ദര്‍ശിച്ച്‌ കഥ പറഞ്ഞു കേള്‍പ്പിച്ചു. ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടിയും സന്നിഹിതനായിരുന്നു. കഥയും കഥാപാത്രവും ബച്ചന്‌ ഇഷ്ടമായി. എത്ര ദിവസം ഡേറ്റ്‌ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം. അതോടെ മലയാളസിനിമയ്‌ക്ക്‌ അഭിമാനമാകുന്ന സിനിമയ്‌ക്ക്‌ പച്ചക്കൊടിയായി. 1999 ഡിസംബറില്‍ താലിബാന്‍ തീവ്രവാദികള്‍ 176 യാത്രക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം അഫ്‌ഗാനിസ്ഥാനിലെ കണ്‌ഡഹാറിലേക്ക്‌ തട്ടിക്കൊണ്ടുപോയ സംഭവമാണ്‌ സിനിമയ്‌ക്ക്‌ ഇതിവൃത്തം.
ജൂണ്‍, ജൂലൈ മാസത്തോടെ ചിത്രീകരണം തുടങ്ങാനാണ്‌ പദ്ധതിയെന്ന്‌ മേജര്‍ രവി വ്യക്തമാക്കി. മുംബൈ, പഞ്ചാബിലെ അമൃത്‌സര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ക്കു പുറമെ കണ്‌ഡഹാറും ലൊക്കേഷനാകും. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന വേഷത്തില്‍ത്തന്നെ എത്തുന്നു. തട്ടിക്കൊണ്ടു പോയ വിമാനത്തിലെ ഹിന്ദിക്കാരനായ ഒരു യാത്രക്കാരന്റെ അച്ഛന്റെ വേഷമാണ്‌ ബച്ചന്‌. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന മകന്റെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ മാനസികവ്യഥകളും വികാരങ്ങളുമാണ്‌ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ബച്ചന്‍ സ്വന്തം ശബ്ദത്തില്‍ത്തന്നെ സംസാരിക്കും. സിനിമയുടെ പേര്‌ തീരുമാനിച്ചിട്ടില്ല. മറ്റു താരങ്ങളെയും നിശ്ചയിച്ചിട്ടില്ല. ഇത്‌ ഒരു യുദ്ധസിനിമയല്ല, കമാന്‍ഡോ സിനിമയുമല്ല. എന്നാല്‍ അവയെല്ലാം ഇതിലുണ്ടാവുകയും ചെയ്യും. സിനിമയുടെ അണിയറക്കാരെയും മറ്റും നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി മേജര്‍ രവി വെളിപ്പെടുത്തി.
"രണ്ടുവര്‍ഷമായി മനസ്സില്‍ കൊണ്ടുനടക്കുകയാണ്‌ ഈ സിനിമയുടെ കഥ. അമിതാഭ്‌ ബച്ചനെ ഇതില്‍ അഭിനയിപ്പിക്കണമെന്ന്‌ ആദ്യമേ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ബച്ചനെ സമീപിക്കാനോ ഇക്കാര്യം സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ മോഹന്‍ലാല്‍ ബച്ചനോട്‌ മലയാളത്തില്‍ അഭിനയിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. പ്രതിഫലമല്ല, കഥയാണ്‌ പ്രശ്‌നമെന്നും നല്ല കഥയുമായി വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു നടത്തിയ ശ്രമങ്ങളാണ്‌ ബച്ചന്റെ സമ്മതം ലഭിക്കുന്നതിലെത്തിയത്‌"- മേജര്‍ രവി പറഞ്ഞു.
ഓണത്തിനോ പെരുന്നാളിനോ റിലീസ്‌ ചെയ്യാനാകും വിധത്തിലായിരിക്കും ചിത്രീകരണം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ മേജര്‍ രവി നിര്‍വഹിക്കും. ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി തന്നെ. ബച്ചനോടൊപ്പം മലയാളത്തില്‍ ആദ്യം അഭിനയിക്കാനുള്ള ഭാഗ്യം മോഹന്‍ലാലിനാണു ലഭിച്ചിരിക്കുന്നതെങ്കിലും ചിത്രത്തില്‍ അതിഥിതാരമായി മമ്മൂട്ടിയും എത്താന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്‌.
ചിത്രത്തിന്റെ കഥയും തിക്കഥയും വിവിധ കേന്ദ്ര ഏജന്‍സികളുടെ പരിഗണനയ്‌ക്കു നല്‍കേണ്ടതുണ്ട്‌. അതിനുശേഷം ലൊക്കേഷനുകള്‍ തീരുമാനിക്കും. അതിന്‌ സൈന്യത്തിന്റേതടക്കം അനുവാദം ലഭിക്കണം. എന്നാല്‍ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ രണ്ടു യുദ്ധസിനിമകളും രാജീവ്‌ വധക്കേസുമായി ബന്ധപ്പെട്ട മിഷന്‍ 90 ഡേയ്‌സ്‌ എന്ന സംഭവകഥയും വിജയകരമായി ചിത്രീകരിച്ച മേജര്‍ രവിക്ക്‌ വളരെ വേഗം തന്നെ അനുമതികള്‍ നേടിയെടുക്കാനാവുമെന്നാണ്‌ പ്രതീക്ഷ. അടുത്തിടെ സംസ്ഥാനത്ത്‌ ഏറ്റവും വിവാദമുയര്‍ത്തിയ ലൗ ജിഹാദ്‌ എന്ന വിഷയം കേന്ദ്രീകരിച്ചു സിനിമയെടുക്കാനുള്ള ചര്‍ച്ചകളിലായിരുന്നു മേജര്‍ രവി. എന്നാല്‍ അമിതാഭ്‌ ബച്ചന്‍ ഡേറ്റ്‌ നല്‍കിയ സാഹചര്യത്തില്‍ ഇനി അതു കഴിഞ്ഞേ മറ്റൊന്നിനെപ്പറ്റി ആലോചിക്കൂ- രവി പറഞ്ഞു.

Back  
 
    Rate this news   (1/2)
Feedback
 
അമ്മാളുക്കുട്ടി കൊലക്കേസ്‌ ക്രിസ്‌തുവിന്റെ ജീവിതം ആസ്‌പദമാക്കി വിവിധഭാഷാചിത്രം സിദ്ധാര്‍ത്ഥ്‌ മല്‍ഹോത്രയുടെ അടുത്ത ചിത്രത്തില്‍ കരീനയും ഷാഹിദ്‌ കപൂറും


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.