ക്രിസ്‌ത്യന്‍ മതനേതൃത്വത്തിന്റെ, പ്രത്യേകിച്ച് കത്തോലിക്കാവിഭാഗത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പല നേതാക്കളും സി.പി.എം വിട്ടുപോരാന്‍ നിര്‍ബന്‌ധിതരാകുന്നു. സെബാസ്‌റ്റിയന്‍ പോളിനെയും കെ.എസ്. മനോജിനെയും പിന്തുടര്‍ന് ക്രിസ്‌ത്യന്‍ വിഭാഗത്തില്‍പ്പെട്ട പല നേതാക്കളും ഈ പാത പിന്തുടര്‍ന്നേക്കുമെന്നാണ് സൂചന.
അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുക എന്നതിലുപരി, തികച്ചും നിഷ്‌പ്രഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തോലിക്കാ സഭാനേതൃത്വം നീങ്ങുന്നത്. എല്‍.ഡി.എഫിനെ 30 ല്‍ താഴെ സീറ്റുകളിലേക്ക് ഒതുക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ഈ നീക്കത്തിന്റെ ഭാഗമായിട്ടാണ് കെ.എസ്. മനോജിനെപ്പോലുള്ളവരെ ഇപ്പോള്‍ മറുകണ്ടം ചാടിച്ചിരിക്കുന്നത്.
സ്വാശ്രയപ്രശ്‌നത്തിലും വിദ്യാഭ്യാസ രംഗത്തെ മറ്റു നടപടികളിലും സഭാനേതൃത്വം ഏറെ അസംതൃപ്‌തരാണെന്നതാണ് ഇതിനു പിന്നില്‍. മറ്റു മതവിഭാഗങ്ങളിലെപ്പോലെ ക്രിസ്‌ത്യാനികളായ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ബിഷപ്പുമാരുടെ വാക്കുകളെ അപ്പാടെ തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. സമുദായപരവും സഭാപരവുമായ പല കാര്യങ്ങള്‍ക്കും വിവാഹം തുടങ്ങിയ പല ആവശ്യങ്ങള്‍ക്കും സഭയുടെ അംഗീകാരവും മറ്റും ക്രിസ്‌തീയ സമുദായത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് സഭാനേതൃത്വവുമായി ഇടഞ്ഞുകൊണ്ട് മുന്നോട്ട് പോകാന്‍ ഇവരില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. സഭയിലെ അല്‍മായ സംഘടനകളുടെയും മറ്റും താക്കോല്‍സ്‌ഥാനങ്ങളില്‍നിന്ന് ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരെ പൂര്‍ണമായും ഒഴിവാക്കിവരികയാണ് സഭാനേതൃത്വം.
ഇനയങ്ങോട്ട് ഇവരുടെ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാതിരിക്കുക എന്ന തന്ത്രം കൂടി സഭ അവലംബിച്ചേക്കാനിടയുണ്ട്. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനായി ഏതറ്റംവരെയും പോകാന്‍ സഭ തയാറെടുക്കുകയാണ്.
ഇതര മതവിഭാഗങ്ങള്‍ക്ക് ക്രൈസ്‌തവ സഭാനേതൃത്വത്തെപ്പോലെ കര്‍ശനമായ ചട്ടക്കൂടില്ല. അതുകൊണ്ട് മതങ്ങളുടെ തലവന്മാര്‍ക്ക് അതിന്റെ അനുയായികളോട് ആജ്‌ഞാരൂപേണ ഒന്നും പറയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്‌തമാണ് ക്രൈസ്‌തവസഭകള്‍. അവിടെ അച്ചന്മാര്‍ മുതല്‍ കര്‍ദിനാള്‍ വരെയുള്ള നിയതമായ ഒരു സംവിധാനത്തിന്‍കീഴിലാണ് അല്‍മായര്‍. ഈ ചട്ടക്കൂടിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കുടുംബപരമായും മറ്റും ഒറ്റപ്പെടല്‍ ഇനി നേരിടേണ്ടിവരും. ചില സഭാവിശ്വാസികള്‍ തമാശരൂപേണയാണെങ്കിലും ഇങ്ങനെ പറയാറുണ്ട്: അച്ചന്മാരോടിടഞ്ഞാല്‍ സെമിത്തേരിയില്‍ കിടത്തില്ല...
ഈ സാഹചര്യത്തിലാണ് സഭ വേണോ പാര്‍ട്ടി വേണോ എന്ന സങ്കീര്‍ണമായ പ്രതിസന്‌ധി ക്രൈസ്‌തവ നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്.
മാത്രവുമല്ല സി.പി.എം വിട്ടുവരുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ സ്വാഗതം ചെയ്യാന്‍ സഭ പ്രത്യേക താത്‌പര്യമെടുക്കുന്നുമുണ്ട്. ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ സ്‌ഥാനാര്‍ത്ഥി കെ.എസ്. മനോജായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സെബാസ്‌റ്റിയന്‍പോളിന് എറണാകുളത്തും നറുക്കുവീഴാനുള്ള സാധ്യത കുറവല്ല. കത്തോലിക്കാസഭാ നേതൃത്വം ഇന്നയിന്ന സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന് അത് നിരാകരിക്കാന്‍ കഴിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് വിജയം സുനിശ്‌ചിതമാണെന്നിരിക്കെ, സി.പി.എമ്മില്‍നില്‍ക്കുന്നത് ബുദ്ധിപുര്‍വമല്ലെന്ന് ചില നേതാക്കളും കണക്കുകൂട്ടുന്നു. ശക്‌തിയായ ഗ്രൂപ്പിസമുള്ളതുകൊണ്ട് സി.പി.എമ്മില്‍ നേതാക്കളുടെ സ്‌ഥാനം ഒട്ടും സുരക്ഷിതമല്ല.
ഔദ്യോഗിക നേതൃത്വത്തിന് അപ്രീതിയുണ്ടായാല്‍ ഏതു വമ്പനും സീറ്റുണ്ടാവില്ല. ഈ സാഹചര്യത്തില്‍ സഭയുടെ താത്‌പര്യങ്ങളോടൊത്തുനിന്ന് യു.ഡി.എഫില്‍ ചേക്കേറി അടുത്ത 5 വര്‍ഷത്തേക്ക് എം.എല്‍.എ സ്‌ഥാനം സുരക്ഷിതമാക്കാനാണ് ചില ക്രിസ്‌ത്യന്‍ നേതാക്കള്‍ ഒരുങ്ങുന്നത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക് ബലക്ഷയമുണ്ടാക്കുക എന്ന ലക്ഷ്യംവച്ച് സഭകള്‍ ഇതിനായി അവരുടെമേല്‍ ശക്‌തമായ സമര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.