1990 കളില്‍ മലയാളത്തിലെയും തമിഴിലേയും തിരക്കേറിയ നായികയായിരുന്ന കനക വാര്‍ത്തകളില്‍ നിറയുന്നു. ഭര്‍ത്താവിനെ കാണാതായെന്ന് പറയുന്ന നടി തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ രക്ഷിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇതുസംബന്‌ധിച്ച് മുഖ്യമന്ത്രിക്ക് കനക നേരിട്ട് പരാതി നല്‍കും.
തന്റെ ഭര്‍ത്താവിനെ ഒരു ഫിനാന്‍സര്‍ കടത്തിയിരിക്കുകയാണെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെനാണ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും കനക പറയുന്നു. മറ്റ് ആശ്രയമില്ലാതെയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഇതിനിടെ കനകയെ കാണാതായെന്ന് വാര്‍ത്തയും കോടമ്പാക്കത്ത് പരന്നിരുന്നു. കാലിഫോര്‍ണിയയില്‍ ജോലിയുള്ള മെക്കാനിക്കല്‍ എഞ്ചിനീയര്‍ മുത്തുകുമാറിനെ 2007 ഏപ്രിലില്‍ രഹസ്യമായാണ് കനക വിവാഹം കഴിച്ചത്. എന്നാല്‍ 15 ദവിസം മാത്രമാണ് തങ്ങള്‍ ഒന്നിച്ചുകഴിഞ്ഞതെന്ന് കനക പറയുന്നു. എന്നാല്‍ മൂന്നുവര്‍ഷംകഴിഞ്ഞ് കനക നടത്തുന്ന ഈ വെളിപ്പെടുത്തലില്‍ ഒട്ടേറെ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.
ഗോഡ്‌ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തരവാര്‍ത്ത, പിന്‍ഗാമി, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നായികയായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കവെ, മാതാവിന്റെ മരണത്തെത്തുടര്‍ന്നാണ് കനക സിനിമാരംഗം വിട്ടത്. പഴയകാല നടിയായിരുന്ന ദേവികയായിരുന്നു കനകയുടെ മാതാവ്. 2002ല്‍ ദേവിക മരിച്ചതിനുശേഷം കനകയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞദിവസമാണ് മൂന്നുവര്‍ഷം മുന്‍പ് കാണാതായെന്നു പറയുന്ന ഭര്‍ത്താവിന്റെ പേരില്‍ കനക പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.