Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
  
 
 
Back  

Saturday, December 25, 2010 | 01:15:28 AM IST
ഒരു സിനിമാ ശിരഛേദം

1951ലാണ്‌ ജീവിതനൗക എന്ന മലയാള ചിത്രം റിലീസ്‌ ചെയ്‌തത്‌. ആ ജീവിതനൗകയില്‍ അന്ന്‌ ഒന്‍പത്‌ വയസ്‌ മാത്രം പ്രായമുണ്ടായിരുന്ന യേശുദാസ്‌ എങ്ങിനെ ഒരു ഗാനമാലപിക്കും? ആ പ്രായത്തില്‍ ഒരു ആണ്‍കുട്ടി പാടിയാല്‍പോലും പുറത്തുവരിക പെണ്‍ശബ്‌ദം ആയിരിക്കുകയില്ലേ? എന്നാല്‍ ജീവിതനൗകയില്‍ യേശുദാസിന്റെ സ്വരത്തില്‍ കേള്‍ക്കുന്ന `അകാലെ ആരും കൈവിടും' എന്നാരംഭിക്കുന്ന ഗാനം ഇന്നത്തെ യേശുദാസിന്റെ ശബ്‌ദത്തില്‍ത്തന്നെയാണ്‌ റിക്കാര്‍ഡ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഈ മറിമായം എങ്ങിനെ സംഭവിച്ചു. അതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുമ്പോഴാണ്‌ ചലച്ചിത്രരംഗത്തെ ചില അധാര്‍മ്മിക ശക്‌തികളുടെ തനിരൂപം നാക്കുനീട്ടി പുറത്തുവരുന്നത്‌.
ജീവിതനൗകയെക്കുറിച്ച്‌ കൂടുതലൊന്നും പറയേണ്ടതില്ല. പല പല ലേഖനങ്ങളിലൂടെ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ആ ചിത്രത്തെക്കുറിച്ച്‌ ഇന്നത്തെ തലമുറയ്‌ക്ക്‌ വേണ്ടതിലേറെ അറിവുണ്ട്‌.
1951 മുതല്‍ 85 വരെ 86 പ്രിന്റുകള്‍ പലപ്പോഴായി ജീവിതനൗകയ്‌ക്കുവേണ്ടി എടുത്തു. 85 ആയപ്പോഴേക്കും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങള്‍ പയ്യെപ്പയ്യെ പിന്‍വാങ്ങുകയാണ്‌. അവിടെ ജീവിതനൗകയ്‌ക്ക്‌ പിടിച്ചുനില്‍ക്കണമെങ്കില്‍ എന്തെങ്കിലും പുതുമ ആവശ്യമാണെന്ന്‌ ചിത്രത്തിന്റെ അപ്പോഴത്തെ ഉടമസ്‌ഥനും കെ.വി. കോശിയുടെ പുത്രനുമായ കെ.കെ. ജോര്‍ജിന്‌ തോന്നി.
ചിത്രത്തിലെ `അകാലെ ആരും കൈവിടും' എന്ന അശരീരിഗാനം ഏറെ പ്രസിദ്ധമായിരുന്നു. അന്തരിച്ച മെഹ്‌ബൂബ്‌ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്‌. ലിപ്‌ മൂവ്‌മെന്റിന്റെ പ്രശ്‌നമില്ലാത്തതിനാല്‍ പ്രസ്‌തുതഗാനം യേശുദാസിനെക്കൊണ്ട്‌ പാടിപ്പിച്ചു റിക്കാര്‍ഡ്‌ ചെയ്‌ത്‌, മെഹ്‌ബൂബിന്റെ ട്രാക്കുമാറ്റി പുതിയ ട്രാക്ക്‌ തിരുകാമെന്ന്‌ ജോര്‍ജ്‌ തീരുമാനിച്ചു.
യേശുദാസിനെ വിളിച്ചു വിവരംപറഞ്ഞു. യേശുദാസിനു സര്‍വസമ്മതമായിരുന്നു. ചെറുപ്രായം മുതല്‍ താന്‍ ഏറെ പാടിപ്പരിശീലിച്ചുവന്ന ഗാനമാണ്‌. ആ ഗാനം അലപിച്ചതിന്റെ ക്രെഡിറ്റ്‌ തനിക്കുവന്നുചേരുക എന്ന കാര്യം പ്രശസ്‌തിയുടെ ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും യേശുദാസിന്‌ ഹരമായി തോന്നി. തന്റെ ഉടമസ്‌ഥതയില്‍ അക്കാലത്ത്‌ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തരംഗിണി സ്‌റ്റുഡിയോയില്‍ റിക്കാര്‍ഡിംഗിനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു.
ജീവിതനൗകയിലെ ഇതരഗാനങ്ങള്‍പോലെതന്നെ പ്രസ്‌തുത ഗാനവും ഹിന്ദി ചലച്ചിത്രഗാനത്തിന്റെ സംഗീതാനുകരണം ആയിരുന്നു. `ദുലാരി' എന്ന ഹിന്ദിച്ചിത്രത്തില്‍ മുഹമ്മദ്‌ റാഫി പാടിയ:
`സുഹാനിരാത്ത്‌ ഝല്‍ഝുകി' എന്ന ഗാനത്തിന്റെ ഈണത്തിലാണ്‌ അഭയദേവ്‌ പ്രസ്‌തുത ഗാനം രചിച്ചത്‌. എങ്കിലും ഓസ്‌ക്കസ്‌ട്ര അറേഞ്ച്‌മെന്‍റിന്‌ മലയാളത്തില്‍ ഒരു സംഗീതസംവിധായകന്‍ കൂടിയേ തീരൂമായിരുന്നുള്ളൂ. ദക്ഷിണാമൂര്‍ത്തിയാണ്‌ പ്രസ്‌തുത കര്‍ത്തവ്യം നിര്‍വഹിച്ചിരുന്നത്‌.
എന്നാല്‍ ദക്ഷിണാമൂര്‍ത്തി ഈ ആശയം അംഗീകരിച്ചില്ല. മെഹ്‌ബൂബ്‌ അപ്പോഴേക്കും അന്തരിച്ചിരുന്നു. മണ്‍മറഞ്ഞ ഒരു കലാകാരന്റെ ആത്‌മാവിനോടു ചെയ്യുന്ന കടുംകൈയായിരിക്കും അതെന്നായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അഭിപ്രായം. റിക്കാര്‍ഡിംഗില്‍ സ്വാമി സഹകരിച്ചുമില്ല.
ഏതായാലും `ജീവിതനൗക'യുടെ എണ്‍പത്തിയേഴാമത്തെ പ്രിന്റിന്റെ ടൈറ്റിലില്‍ ഗായകരുടെ കൂട്ടത്തില്‍ യേശുദാസും ഇടംപിടിച്ചു. രംഗത്തിന്റെ അന്തരീക്ഷത്തിനു ചേരാത്തവിധം യേശുദാസിന്റെ ശബ്‌ദം മുഴങ്ങുകയും ചെയ്‌തു. പക്ഷേ ഗാനം മനോഹരമായിരുന്നു.
ഏതായാലും ജോര്‍ജിന്റെ മോഹം പൂവണിഞ്ഞില്ല. എണ്‍പത്തിയേഴാമത്തെ പ്രിന്റിനുശേഷം ജീവിതനൗകയ്‌ക്ക്‌ മറ്റൊരു പ്രിന്റ്‌ എടുക്കേണ്ടിവന്നിട്ടില്ല. കളര്‍തരംഗം ആഞ്ഞടിച്ചതായിരുന്നു കാരണം. യേശുദാസിന്റെ ട്രാക്ക്‌ ചേര്‍ത്ത നെഗറ്റീവില്‍നിന്നാണ്‌ പിന്നീട്‌ ചിത്രത്തിന്റെ വീഡിയോടേപ്പ്‌ തയാറാക്കിയത്‌. അതിനാല്‍ ടി.വി. പ്രക്ഷേപണത്തിലൂടെ ചിത്രം കാണുന്നവര്‍ പ്രസ്‌തുതഗാനം യേശുദാസിന്റെ ശബ്‌ദത്തിലാണ്‌ ശ്രവിക്കുന്നത്‌.
മോഹന്‍ദാസ്‌ കളരിക്കല്‍

Back  
 
    Rate this news
Feedback
 
സല്ലുവിനെ വിട്ട്‌ അസിന്‍ ഷാരൂഖിനൊപ്പം 1993 ബോംബെ മാര്‍ച്ച്‌ 12 പൂര്‍ത്തിയായി മേല്‍വിലാസം തമിഴില്‍


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.