പഠനത്തില്‍ മിടുക്കനായിരുന്ന, സൗന്ദര്യവും സൗമ്യസ്വഭാവവുമുണ്ടായിരുന്ന ഒരു പയ്യന്‍ ഇന്ന് കേരളത്തില്‍ മുഴുവന്‍ ചര്‍ച്ചാ വിഷയമായ ഗുണ്ടയാണ്. പേര് ഓം പ്രകാശ്. മുപ്പത്തിരണ്ട് വയസ്. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ സന്തതി. വിവാഹിതന്‍. കേരളത്തിലും പുറത്തുമായി ബിസിനസുകള്‍. ഇപ്പോള്‍ മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് പൊലീസിന് അറിയാവുന്ന ഒരിടത്ത് `ഒളിവില്‍' കഴിയുന്നു.
ഓം പ്രകാശിന്റെ വളര്‍ച്ചയുടെ കഥയന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സി.പി.എം വളര്‍ത്തി വലുതാക്കിയ ഗുണ്ടയാണ് ഓം പ്രകാശ്. ചെറുപ്പത്തില്‍ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത പയ്യന്‍. എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്നമാര്‍ക്കുവാങ്ങി ജയിച്ചവന്‍. പ്രീഡിഗ്രി പഠനകാലത്ത് മോഡലിംഗിലായിരുന്നു അവനു കമ്പം. ഡിഗ്രി പഠനകാലത്താണ് എസ്.എഫ്.ഐയില്‍ ചേരുന്നത്. അവിടെ അവന്റെ ജീവിതത്തിന് വഴിത്തിരിവുണ്ടായി. സൗമ്യ ഭാവത്തിനു പകരം എന്തിനെയും എതിര്‍ക്കുന്ന; ആരെയും നേരിടുന്ന സ്വഭാവം വളര്‍ന്നു. പിന്നീട് ഡി.വൈ.എഫ്.ഐയിലെത്തി. അതോടെ ചില സംഘട്ടനങ്ങളിലൊക്കെ പ്രതിയായി. തടിമിടുക്കും ആരെയും കൂസാത്ത ഭാവവുമുള്ള ഓംപ്രകാശ് തലസ്ഥാനത്തെ സി.പി.എം നേതാക്കളുടെ കണ്ണിലുണ്ണിയായത് അങ്ങനെയാണ്. എതിരാളികളെ ഒതുക്കാന്‍ അവര്‍ ഓം പ്രകാശിനെ നിയോഗിച്ചു. ക്വട്ടേഷന്‍ സംഘം രൂപീകരിക്കാന്‍ അവന് പ്രേരണനല്‍കിയതും സംഘത്തിലേക്ക് ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ചില അംഗങ്ങളെ ചേര്‍ത്തുകൊടുത്തതും ഈ നേതാക്കള്‍ തന്നെയായിരുന്നു.
വലിയതുറയിലെ ഒരു സി.ആര്‍. പി.എഫ് ഉദ്യോഗസ്ഥന്റെ മകനാണ് ഓം പ്രകാശ്. മകന്റെ വഴിവിട്ടപോക്കിനെ ആദ്യകാലത്ത് അദ്ദേഹം എതിര്‍ത്തിരുന്നു. എന്നാല്‍ പെട്ടെന്നുള്ള അവന്റെ വളര്‍ച്ച കണ്ട് വീട്ടുകാരും അമ്പരന്നു. എപ്പോഴും കൈവശം ധാരാളം പണം. സഞ്ചരിക്കുന്നത് ആഢംബര കാറുകളില്‍. ഉന്നതരായ നേതാക്കളുമായി സൗഹൃദം. സിനിമ, സീരിയല്‍ രംഗങ്ങളിലെ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നടീനടന്മാര്‍ എന്നിവരുമായി അടുത്ത ബന്ധം. ഇതില്‍ അടുത്തിടെ മെഗാഹിറ്റായ ഒരു മെഗാസീരിയലിലെ ഉപനായികയുമായി അല്‍പം വഴിവിട്ട ബന്ധവുമുണ്ടായിരുന്നു. സംസ്ഥാനം ഭരിക്കുന്നവരും അവരില്‍ ചിലരുടെ മക്കളുമൊക്കെയായി ചങ്ങാത്തം. ഇടയ്‌ക്കിടെ വിദേശയാത്ര. പൊലീസുകാര്‍ വിനീത വിധേയര്‍. ഓംപ്രകാശിന്റെ വളര്‍ച്ചകണ്ട് വീട്ടുകാരും നാട്ടുകാരും അമ്പരന്നു.
വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിലായിരുന്നു ഓംപ്രകാശ് പത്താംതരം വരെ പഠിച്ചത്. അഞ്ഞൂറിനുമേല്‍ മാര്‍ക്കുവാങ്ങിയാണ് എസ്.എസ്.എല്‍.സി ജയിച്ചത്. പ്രീഡിഗ്രി പഠനം സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു. അവിടെയും മിടുക്കനായ വിദ്യാര്‍ത്ഥി. ഡിഗ്രിപഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതോടെയാണ് ഓം പ്രകാശിന്റെ തലവര മാറിയത്. കോളേജിലെ കെ.എസ്.യുക്കാരെ തല്ലിച്ചതച്ചുകൊണ്ടായിരുന്നു ഗുണ്ടാപ്രവര്‍ത്തനത്തിന്റെ തുടക്കം. എ.ബി.വി.പി പ്രവര്‍ത്തകരും കോളേജിലെ ഓംപ്രകാശ് ഗാങിനെ ഭയപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കുവേണ്ടി തല്ലുണ്ടാക്കുന്ന പയ്യനെ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കള്‍ നോട്ടമിട്ടു. അവരവനെ കാമ്പസിന്റെ പുറത്തേക്ക് ആനയിച്ചു. അങ്ങനെ മറ്റു കോളേജ് കാമ്പസുകളില്‍ കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകരെ ഒതുക്കാനുള്ള ക്വട്ടേഷന്‍ ഓം പ്രകാശിന് കിട്ടിത്തുടങ്ങി. താമസിയാതെ തലസ്ഥാനത്തെ ഡി.വൈ.എഫ.ഐ ഓപ്പറഷേനുകളിലും ഓംപ്രകാശ് എന്ന ആയുധം ഉപയോഗിക്കപ്പെട്ടു. അക്കാലം മുതല്‍ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ പുത്രന്റെ ഉറ്റസുഹൃത്തും സഹായിയുമാണ് ഓംപ്രകാശ്.
ഇതിനിടെയാണ് മലയിന്‍കീഴിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. ഓം പ്രകാശ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയായി. മുഖം രക്ഷിക്കാന്‍ വേണ്ടി ഡി.വൈ.എഫ്.ഐ ഓംപ്രകാശിനെ സംഘടനയില്‍നിന്ന് പുറത്താക്കിയെങ്കിലും സി.പി.എം നേതാക്കളുടെ സ്‌നേഹഭാജനമായി അയാള്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സി.പി.എം. നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുക, അവര്‍ക്കുവേണ്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, വഴങ്ങാത്തവരെ ഒതുക്കുക എന്നിങ്ങനെ പ്രവര്‍ത്തനങ്ങള്‍ വിപുലമായിക്കൊണ്ടിരുന്നു.
ക്വട്ടേഷന്‍ സംഘനേതാക്കളോട് രാഷ്‌ട്രീയക്കാരും വന്‍ വ്യവസായികളുമെല്ലാം പ്രകടിപ്പിക്കുന്ന സ്‌നേഹവും ആദരവുമൊക്കെ ഓം പ്രകാശിന് ലഹരിയായി. സി.പി.എം നേതാക്കളുടെ തണലില്‍ കഴിയുമ്പോള്‍ തന്നെ വന്‍ വ്യവസായികള്‍ക്കുവേണ്ടി ഓപ്പറേഷനുകള്‍ ഏറ്റെടുത്തു. പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ നെറ്റ് വര്‍ക്കുണ്ടാക്കിയതോടെ എവിടെയും ഓപ്പറേഷന്‍ നടത്താമെന്ന സ്ഥിതിവന്നു. ഓംപ്രകാശിനെ ഉപയോഗിച്ചിരുന്ന അനേകം വന്‍ വ്യവസായികളില്‍ ഒരാള്‍ മാത്രമാണ് പോള്‍ എം. ജോര്‍ജ്. അവരുടേത് മദ്യപാനത്തിനും ഉത്തരേന്ത്യക്കാരായ പെണ്‍കുട്ടികളും സിനിമാ-സീരിയല്‍ നടിമാരുമൊത്തുള്ള കാമലീലകള്‍ക്കും വേണ്ടിയുള്ള വെറും സൗഹൃദമായിരുന്നില്ല. പോളിനുവേണ്ടി പല `ഉപകാരവും' ഓംപ്രകാശ് ചെയ്‌തിട്ടുണ്ട്. അതറിയുന്നവരും ഈ കേസിന്റെ അന്വേഷണം ഓംപ്രകാശിലേക്ക് വളരാതെ എങ്ങനെയെങ്കിലുമൊന്ന് അവസാനിപ്പിച്ചുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണ്.
മലയിന്‍കീഴ് കൊലപാതകവും നിരവധി കേസുകളിലെ ബന്ധവുമൊക്കെയാണ് ഓംപ്രകാശിനെ ഗുണ്ടാ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കിയത്. സംസ്ഥാനത്ത് ഗുണ്ടാനിയമം ഫലപ്രദമായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേറി ബാലകൃഷ്‌ണന്‍ പ്രസ്‌താവിക്കുമ്പോഴും പൊലീസും ഭരണകക്ഷിനേതാക്കളുമൊക്കെയായി ചങ്ങാത്തത്തിലായിരുന്നു ഓംപ്രകാശ്. ഇയാളെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാക്കാന്‍ സി.പി.എമ്മിലെ ചില പ്രമുഖര്‍ നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടിയില്‍ ഗുണ്ടാ ആധിപത്യം വരുന്നതിനെ എതിര്‍ത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ നിര്‍ദ്ദേശം അവഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഡി.വൈ.എഫ്.ഐ നേമം എരിയാ സമ്മേളനത്തില്‍ വലിയ ഒച്ചപ്പാടുകളുണ്ടായിരുന്നു. പാര്‍ട്ടി വളര്‍ത്താന്‍ കണ്ണൂരിലെന്നപോലെ തിരുവനന്തപുരത്തും കരളുറപ്പുള്ളയുവാക്കള്‍ ആവശ്യമാണെന്നാണ് ഒരു സി.പി.എം നേതാവ് നേമം ഏരിയാ സമ്മേളനത്തില്‍ പറഞ്ഞത്.
ഗുണ്ടാ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ചില നേതാക്കള്‍തന്നെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഓംപ്രകാശ് ദുബായിലേക്ക് പോയത്. എങ്കിലും ഇടയ്‌ക്കിടെ അയാള്‍ കേരളത്തില്‍ വന്നുകൊണ്ടിരുന്നു. ഓംപ്രകാശ് ആദ്യതവണ ദുബായിലേക്കു പോയതിന്റെ രേഖകളുടെ ചുവടുപിടിച്ച് അയാള്‍ വിദേശത്താണെന്ന് പൊലീസ് പറഞ്ഞുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഓംപ്രകാശ് കേരളത്തില്‍ വിലസുന്നതും തിരുവനന്തപുരം, എറണാകുളം, കുമളി എന്നിവിടങ്ങളിലെല്ലാം ഉന്നതരായ ചങ്ങാതിമാരുമൊത്ത് തങ്ങുന്നതും അവര്‍ക്കറിയാമായിരുന്നു.
തൃശൂരില്‍നിന്നാണ് ഓംപ്രകാശ് വിവാഹം കഴിച്ചത്. ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴും പഠനം തുടരണമെന്ന ആഗ്രഹമുണ്ടായിരുന്നു അയാള്‍ക്ക്. ബാംഗ്ലൂരില്‍ എം.ബി.എയ്‌ക്ക് ചേര്‍ന്നെങ്കിലും പഠനം പാതിവഴിയിലുപേക്ഷിച്ചു. പിന്നീട് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കോഴ്‌സിനു ചേര്‍ന്നെങ്കിലും അതും തുടര്‍ന്നുകൊണ്ടുപോകാനായില്ല. പഠിക്കുന്ന ഓംപ്രകാശിനെയായിരുന്നില്ല, ഗുണ്ടയായ ഓംപ്രകാശിനെയായിരുന്നു കേരളത്തിലെ ഒരു രാഷ്‌ട്രീയ കക്ഷിക്കും കുറേ ഉന്നത വ്യവസായികള്‍ക്കും ആവശ്യം. അതിനിടെ സിനിമയിലും സീരിയല്‍ രംഗത്തും പണം മുടക്കാനും ഓംപ്രകാശ് താത്‌പര്യമെടുത്തിരുന്നു.
ഓം പ്രകാശ് പിടിക്കപ്പെട്ടാലും തന്റെ ഉന്നത ബന്ധങ്ങളെപ്പറ്റി അയാള്‍ ഒന്നും പറയില്ല. അതിനുള്ള ചരടുവലികളൊക്കെ ഉന്നതര്‍ നടത്തിക്കഴിഞ്ഞു. തുറന്നു പറഞ്ഞാലോ? കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥ- രാഷ്‌ട്രീയ-വ്യവസായ മാഫിയയുടെ ഞെട്ടിപ്പിക്കുന്ന കഥകളാവും പുറത്തുവരിക.